News - 2025
ആശങ്ക ഒഴിയാതെ നൈജീരിയ: ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ വൈദികനെ തട്ടിക്കൊണ്ടു പോയി
സ്വന്തം ലേഖകന്‍ 18-11-2019 - Monday
എനുഗു: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ വൈദികനെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എനുഗു സംസ്ഥാനത്ത് നിന്നുമാണ് ആയുധധാരികളായ അജ്ഞാതര്‍ ഫാ. തിയോഫിലൂസ് എന്‍ഡുലു എന്ന വൈദികനെ തട്ടിക്കൊണ്ടുപ്പോയത്. പാസ്റ്ററല്‍ കൗണ്‍സലിംഗ് മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് അമാന്‍സിയോഡ് റോഡില്‍ വെച്ചാണ് എനുഗു സംസ്ഥാനത്തിലെ ഇഹുവോനിയ സെന്റ് പാട്രിക് കത്തോലിക്കാ ഇടവക വികാരിയായ ഫാ. തിയോഫിലൂസ് എന്‍ഡുലുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കത്തോലിക്ക വൈദികരുടെ തിരോധാന വാര്‍ത്ത നൈജീരിയയിലെ ക്രൈസ്തവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സ്റ്റെല്ല ന്‍വോഡോ എന്ന സ്ത്രീക്കൊപ്പമാണ് ഫാ. തിയോഫിലൂസിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് സംസ്ഥാന പോലീസിന്റെ ഔദ്യോഗിക വക്താവായ എബേരെ അമരൈസു വെളിപ്പെടുത്തി. ഓപ്പറേഷന്‍ പഫ് ആഡറിലൂടെ സ്ത്രീയെ മോചിപ്പിച്ചുവെങ്കിലും വൈദികനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും, തട്ടിക്കൊണ്ടുപോയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. എനുഗു സംസ്ഥാനത്ത് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കുള്ളില്‍ ഇത് എട്ടാമത്തെ വൈദികനാണ് തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നത്. ഇവരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരിന്നു. ക്വീന്‍ ഓഫ് ദി അപ്പോസ്തല്‍ സ്പിരിച്ച്വല്‍ ഇയര്‍ സെമിനാരി വൈസ് റെക്ടറായ ഫാ. അരിന്‍സെ മാഡുവാണ് ഇതിന് മുന്‍പ് തട്ടിക്കൊണ്ടു പോകലിനിരയായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നു എസീഗുവിലെ ഇമെയിസേ ഓവായിലെ സെമിനാരി കവാടത്തില്‍വെച്ചായിരിന്നു വൈദികനെ അജ്ഞാതര്‍ കടത്തിയത്. അടുത്ത ദിവസങ്ങളില്‍ നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയുടെ സ്പോണ്‍സര്‍ തുര്‍ക്കി ആണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിന്നു.