News - 2024

തുര്‍ക്കി ആക്രമണത്തില്‍ തകര്‍ന്ന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 20-11-2019 - Wednesday

ഡെയിര്‍ എസ് സോര്‍: കുര്‍ദ്ദുകള്‍ക്കെതിരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോര്‍ഗന്റെ വാഗ്‌ദാനം. കഴിഞ്ഞയാഴ്ച വാഷിംഗ്‌ടണില്‍ ട്രംപും, എര്‍ദോര്‍ഗനും തമ്മിലുണ്ടായ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സിറിയന്‍ സംഘര്‍ഷത്തില്‍ തകര്‍ന്ന ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കുമെന്ന ഉറപ്പ് എര്‍ദോര്‍ഗന്‍ നല്‍കിയത്. അതേസമയം വടക്ക്-കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനീക ഇടപെടലുകളുടെ ഇരകള്‍ പ്രാദേശിക ക്രിസ്ത്യന്‍ സമൂഹങ്ങളാണെന്ന ആരോപണത്തിന്റെ മുനയൊടിക്കുക എന്നതാണ് തുര്‍ക്കി പ്രസിഡന്റിന്റെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് തങ്ങള്‍ക്കു അവബോധമുണ്ടെന്നും തങ്ങളുടെ സഹായത്തോടെ അവരുടെ പള്ളികള്‍ പുനര്‍നിര്‍മ്മിക്കുന്നതും അവര്‍ കാണുമെന്നും അങ്ങനെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനും അവര്‍ക്ക് കഴിയുമെന്നും എര്‍ദോര്‍ഗന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ക്രൈസ്തവർക്ക് കുഴപ്പമൊന്നുമില്ലെന്നും, അവര്‍ക്ക് വേണ്ട മാനുഷിക സഹായങ്ങളും, ആരോഗ്യപരിപാലനവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത നാളുകളിൽ ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന് ആയുധങ്ങൾ നൽകുന്നത് തുർക്കി ആണെന്ന വെളിപ്പെടുത്തൽ ഉണ്ടായിരിന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധധാരണത്തിനായി സാമ്പത്തികം സഹായം നൽകാൻ സന്നദ്ധത അറിയിച്ചു രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, വടക്ക് കിഴക്കന്‍ സിറിയ വീണ്ടും വിവിധ സൈന്യങ്ങളുടെ പോരാട്ട ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Related Articles »