Life In Christ - 2024

ക്രൈസ്തവ പീഡനം ചര്‍ച്ചയാക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സ്: പിന്തുണ അറിയിച്ച് ട്രംപും ഓര്‍ബാനും

സ്വന്തം ലേഖകന്‍ 27-11-2019 - Wednesday

ബുഡാപെസ്റ്റ്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന കടുത്ത മതപീഡനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഹംഗേറിയന്‍ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തുടക്കമായി. വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തെക്കുറിച്ച് അന്താരാഷ്ട്ര അവബോധം വളര്‍ത്തുക, സര്‍ക്കാരുകളും, സന്നദ്ധ സംഘടനകളും ബന്ധപ്പെട്ടവരും തമ്മിലുള്ള സഹകരണവും ഏകോപനവും വഴി ക്രൈസ്തവ പീഡനത്തിനൊരു പരിഹാരം കാണുക എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ലക്ഷ്യം. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ കോണ്‍ഫറന്‍സിന്റെ പ്ലീനറി സെഷനില്‍ സംസാരിച്ചു. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുമെന്ന് ഹംഗേറിയക്കാര്‍ വിശ്വസിക്കുന്നുവെന്നും ക്രൈസ്തവ വിശ്വാസികളുടെ സംരക്ഷണം ഹംഗേറിയന്‍ ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഒര്‍ബാന്‍ പറഞ്ഞു.

നാല്‍പ്പതു രാഷ്ട്രങ്ങളില്‍ നിന്നായി അറുന്നൂറ്റിയന്‍പതോളം പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക സന്ദേശം കോണ്‍ഫറന്‍സിന്റെ ആരംഭത്തില്‍ വായിച്ചിരിന്നു. നമുക്കിവിടെ ഒന്നിച്ചുകൂടുവാന്‍ കോടികണക്കിന് കാരണങ്ങളുണ്ടെന്നു മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ഹംഗേറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്ബേല്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ഡമാസ്കസിലെ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭാ മെത്രാന്‍ അര്‍മാഷ്‌ നല്‍ബന്ധിയാന്‍, പൗരസ്ത്യ അസ്സീറിയന്‍ സഭാ തലവന്‍ പാത്രിയാര്‍ക്കീസ് മൂന്നാമന്‍ തുടങ്ങിയ പ്രമുഖരും മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന കാര്യം സ്ഥിരീകരിച്ചുകൊണ്ട് സംസാരിച്ചു.

കോണ്‍ഫറന്‍സിന് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന് ശേഷമുള്ള ലോകത്തിലെ ഇസ്ലാമിക ഭൂപ്രകൃതിയെക്കുറിച്ചും, മതപീഡനത്തിനിരയായവരെ സഹായിക്കുന്നതില്‍ സന്നദ്ധസംഘടനകള്‍ക്കുള്ള പങ്ക് തുടങ്ങിയവയെക്കുറിച്ചുള്ള അനൌദ്യോഗിക ചര്‍ച്ചകളുമുണ്ടായിരുന്നു. അന്ത്യോക്യായിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യ അഫ്രേം II, മൊസൂളിലെ കല്‍ദായ കത്തോലിക്കാ മെത്രാപ്പോലീത്ത നജീബ് മൈക്കേല്‍, സിറിയയിലേയും ലെബനോനിലേയും ഇവാഞ്ചലിക്കല്‍ സഭാ നേതാവ് റവ. ജോസഫ് കസബ് തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

ബുഡാപെസ്റ്റ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളര്‍, എത്യോപ്യയിലെ അപ്പസ്തോലിക പ്രതിനിധി അന്റോയിന്‍ കാമില്ലേരി മെത്രാപ്പോലീത്ത തുടങ്ങിയവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രമുഖ കത്തോലിക്കാ പ്രഭാഷകര്‍. നവംബര്‍ 26-ന് ബുഡാപെസ്റ്റിലെ കോറിന്തിയ ഹോട്ടലില്‍ ആരംഭിച്ച കോണ്‍ഫറന്‍സ് നാളെ സമാപിക്കും.


Related Articles »