News - 2025
ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ബൈബിള്‍ വാങ്ങിയവരെക്കുറിച്ച് ചൈനയില്‍ ദേശവ്യാപക അന്വേഷണം
സ്വന്തം ലേഖകന്‍ 30-11-2019 - Saturday
ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസികള്‍ കടുത്ത മതപീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയില്‍ രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളും, ക്രിസ്ത്യന്‍ അടയാളങ്ങളും ഭരണകൂടം തകര്‍ത്തതിന്റെ പിന്നാലെ വീണ്ടും കടുത്ത നടപടിയിലേക്ക്. ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ നിന്നും ബൈബിളും മറ്റ് ക്രിസ്തീയ പുസ്തകങ്ങളും വാങ്ങിയവരെക്കുറിച്ചുള്ള രാജ്യവ്യാപകമായ അന്വേഷണത്തിനാണ് അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് 'ചൈന എയിഡ്' പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘വീറ്റ് ബുക്ക്സ്റ്റോര്‍’ എന്ന ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ നിന്നും ബൈബിള്‍ വാങ്ങിയവരുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശം ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് അധികാരികള്‍ ബന്ധപ്പെട്ട പോലീസ് വകുപ്പുകള്‍ക്ക് കൈമാറിയത്.
ഇതേ തുടര്‍ന്നു ബുക്ക്സ്റ്റോറിന്റെ ഴാങ്ങ് ഷവോമായി എന്ന ക്രൈസ്തവ വിശ്വാസിയായ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശ സ്ഥാപനങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ വാങ്ങിച്ച് നിയമവിരുദ്ധമായി ചൈനയില്‍ വിറ്റഴിക്കുന്നുവെന്ന കാരണം പറഞ്ഞുകൊണ്ടായിരുന്നു അറസ്റ്റ്. ഇതിനോടകം തന്നെ നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തുവെന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. പലരേയും പോലീസ് ടെലിഫോണിലൂടെ ബന്ധപ്പെടുകയും, തങ്ങള്‍ വാങ്ങിച്ച പുസ്തകങ്ങളുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സിയാമെന്നിലെ ചില വീടുകളില്‍ പോലീസ് അതിക്രമിച്ചു കയറിയ പോലീസ് മതിയായ രേഖകളില്ലാതെ ബൈബിളുകള്‍ പിടിച്ചെടുത്തതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഗുവാങ്ങ്ഴോവിലെ ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ പത്തോളം സര്‍ക്കാര്‍ അധികാരികള്‍ ബലപ്രയോഗത്തിലൂടെ ചില പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ദേവാലയമിരിക്കുന്ന ഭൂമിയുടെ ഉടമയുടെ മേലും, പ്രോപ്പര്‍ട്ടി മാനെജ്മെന്റ് കമ്പനിയുടെ മേലും ദേവാലയവുമായുള്ള കരാര്‍ റദ്ദാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ‘ചൈന എയിഡ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈബിളുകളും, ക്രിസ്ത്യന്‍ വസ്തുക്കളും വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനമായ വീറ്റ് ബുക്ക്സ്റ്റോര്‍ ഏതാണ്ട് ഇരുപതിനായിരത്തിലധികം സാധനങ്ങള്‍ ഇതിനോടകം തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഇവയില്‍ എണ്ണൂറോളം പ്രസിദ്ധീകരണങ്ങള്‍ 'നിയമവിരുദ്ധമായി' പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവയാണ്. കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് സര്‍ക്കാര്‍ ഓണ്‍ലൈനിലൂടെയുള്ള ബൈബിള്‍ വില്‍പ്പന നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ വ്യാപനവും, ബൈബിളിന്റെ സ്വാധീനവും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് നടപടികള്‍ വ്യക്തമാക്കുന്നത്.
![](/images/close.png)