News - 2024

കോണ്‍സ്റ്റന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭയ്ക്കു പാപ്പയുടെ ആശംസ: പുനരൈക്യ സാധ്യത സജീവമാകുന്നു

സ്വന്തം ലേഖകന്‍ 02-12-2019 - Monday

ഗ്രീസ്: കത്തോലിക്ക സഭയുമായുള്ള പുനരൈക്യത്തിനുള്ള കോൺസ്റ്റൻറിനോപ്പിളിലെ ഓർത്തഡോക്സ് സഭയുടെ സാധ്യതകള്‍ സജീവമാകുന്നു. വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാള്‍ ദിനമായ നവംബര്‍ 30-ന് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമന് തിരുനാളാശംസകള്‍ നേര്‍ന്ന ഫ്രാന്‍സിസ് പാപ്പ പുനരൈക്യശ്രമങ്ങളുടെ തുടര്‍ച്ച ഉറപ്പു നല്കി. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിസംഘം വഴി പാപ്പ നല്‍കിയ തിരുനാള്‍ സന്ദേശത്തില്‍ പുനരൈക്യശ്രമത്തിന്‍റെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കത്തോലിക്ക-ഓര്‍ത്തോഡോക്സ് സഭകളുടെ സമ്പൂര്‍ണ്ണ പുനരൈക്യശ്രമങ്ങള്‍ ദൈവശാസ്ത്രപരമായ സംഭാഷണങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലായെന്നും സഭാജീവിതത്തിന്‍റെ ഇതര വഴികളിലും ഈ പ്രക്രിയയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമാണെന്നും പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി. അടുത്ത ദിവസം കത്തോലിക്ക സഭയുമായുള്ള പുനരൈക്യം അത്യന്താപേക്ഷിതമായി മാറിയെന്ന് കോൺസ്റ്റാൻറിനോപ്പിളിലെ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായ ബർത്തലോമിയ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ഫ്രാൻസിസ് മാർപാപ്പ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകൾ ഇരുസഭകളും തമ്മിലുള്ള അടുപ്പത്തിന്റെ പ്രതീകമാണെന്നും സഭയുമായി ആശയപരമായ ഭിന്നതകൾ ഒന്നും തന്നെ ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും പാത്രിയർക്കീസ് ബർത്തലോമിയ പറഞ്ഞതായി യൂണിയൻ ഓഫ് ഓർത്തഡോക്സ് ജേണലിസ്റ്റ് എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.


Related Articles »