Arts - 2025

ഡിജിറ്റല്‍ നോമ്പുകാല കലണ്ടറുമായി നോര്‍ബെര്‍ട്ടൈന്‍ വൈദികര്‍

സ്വന്തം ലേഖകന്‍ 05-12-2019 - Thursday

ഓറഞ്ച്, കാലിഫോര്‍ണിയ: ലോക രക്ഷകന്റെ ജനനതിരുനാളിന് ഒരുക്കമായി നോമ്പുകാല ഡിജിറ്റല്‍ കലണ്ടറിന് ആരംഭം കുറിച്ചിരിക്കുകയാണ് തെക്കന്‍ കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ സെന്റ്‌ മൈക്കേല്‍സ് നോര്‍ബെര്‍ട്ടൈന്‍ ആശ്രമത്തിലെ വൈദികര്‍. ഡിസംബര്‍ ഒന്നിനായിരുന്നു ഡിജിറ്റല്‍ കലണ്ടറിന്റെ ആരംഭം. നോമ്പുകാല തിരികളുടേയും റീത്തുകളുടേയും അര്‍ത്ഥം, മൂന്നു രാജാക്കന്മാരേക്കുറിച്ചും, ആട്ടിടയന്മാരെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍, സാന്താക്ലോസിന്റെ പിന്നിലെ വിശുദ്ധ നിക്കോളാസിന്റെ ജീവചരിത്രം തുടങ്ങിയ നോമ്പുകാലവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും ഓരോ ദിവസവും ഈ കലണ്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനുപുറമേ, നോര്‍ബെര്‍ട്ടൈന്‍ വൈദികര്‍ തയ്യാറാക്കിയ ക്രിസ്തുമസ് സംഗീതവും, 'ക്രിസ്തുമസ്സ് ക്രൈസ്തവര്‍ക്ക് മാത്രം ഉള്ളതാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളും, വിചിന്തനങ്ങളും കലണ്ടറില്‍ ലഭ്യമാണ്. വിശ്വാസികളെ ക്രിസ്തുമസുമായി അടുപ്പിക്കുവാനും, മാനസികമായും ആത്മീയമായും ക്രിസ്തുമസ്സിനെ വരവേല്‍ക്കുവാനും തയ്യാറാക്കുകയുമാണ് നോമ്പുകാല ഡിജിറ്റല്‍ കലണ്ടര്‍ കൊണ്ടു ഉദ്ദേശിക്കുന്നതെന്നു നോര്‍ബെര്‍ട്ടൈന്‍ ആശ്രമാംഗങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലോകമെങ്ങുമുള്ള കത്തോലിക്കരെ തങ്ങളുടെ വിശ്വാസജീവിതത്തില്‍ വളരുവാനും, ക്രിസ്തുമസ്സിന് വേണ്ടും വിധം തയ്യാറെടുക്കുവാനും ഈ കലണ്ടര്‍ സഹായിക്കുമെന്ന് ആശ്രമത്തിലെ പുരോഹിതരില്‍ ഒരാളായ ഫാ. ചാര്‍ബെല്‍ ഗൃബാവാക്ക് പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ നവീകരണത്തിനും സുവിശേഷവത്കരണത്തിനുമുള്ള തങ്ങളുടെ ദൗത്യത്തിന്റെ അടുത്തപടിയാണ് ഈ കലണ്ടറെന്നും അദ്ദേഹം പറഞ്ഞു.

തിരുസഭയുടെ നവീകരണത്തിനായി ശ്രമിച്ച കത്തോലിക്കാ പരിഷ്കര്‍ത്താവായിരുന്ന വിശുദ്ധ നോര്‍ബെര്‍ട്ടൈനാണ് നോര്‍ബെര്‍ട്ടൈന്‍ സന്യാസസഭക്ക് ആരംഭം കുറിച്ചത്. കഴിഞ്ഞ വര്‍ഷവും സഭാംഗങ്ങള്‍ കത്തോലിക്കാ വിശ്വാസം സംബന്ധിച്ച വീഡിയോ-ഓഡിയോകളും രചനകളും ഉള്‍കൊള്ളുന്ന ‘ദി അബ്ബോട്സ് സര്‍ക്കിള്‍’ എന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിക്ക് ആരംഭം കുറിച്ചിരുന്നു.


Related Articles »