Arts

തിരുപ്പിറവി ആഘോഷത്തിന്റെ വരവറിയിച്ച് വത്തിക്കാന്‍: പുൽക്കൂടും ക്രിസ്മസ് ട്രീയും തയാര്‍

സ്വന്തം ലേഖകന്‍ 06-12-2019 - Friday

വത്തിക്കാൻ സിറ്റി: തിരുപ്പിറവി തിരുനാളിനായി ലോകം ഒരുങ്ങുമ്പോള്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ വരവറിയിച്ച് വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും തയാറായി. വടക്കൻ ഇറ്റലിയിലെ ആൽപ്പൈൻ മലയോര സമൂഹത്തിലെ നൂറുകണക്കിന് കലാകാരന്മാരുടെ പങ്കാളിത്തതോടെയാണ് ഇത്തവണത്തെ പുൽക്കൂടും ട്രീയും തയാറാക്കിയിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന പുൽക്കൂടില്‍, സ്‌കുരേല്ലായിലെ കലാകാരന്മാർ മരത്തിൽ കൊത്തിയെടുത്ത 23 പ്രതിമകള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ്. പുൽക്കൂട് ഒരുക്കിയവരുമായുള്ള പാപ്പയുടെ കൂടിക്കാഴ്ചയ്ക്ക് വേദിയായ പോൾ ആറാമൻ ഹാളിലും ഒരു പുൽക്കൂട് ക്രമീകരിച്ചിരുന്നു.

ആൽപ്പൈൻ മലഞ്ചരുവിൽ പാർക്കുന്നവരുടെ സ്‌നേഹത്തിന്റെ പ്രതീകമായി ഈ സമ്മാനത്തെ വാഴ്ത്തിയ പാപ്പ, അവരുടെ സഭാധ്യക്ഷന്മാർക്കും പൗരപ്രമുഖർക്കും കലാകാരന്മാർക്കും നിർമാണത്തിൽ സഹകരിച്ച സകലർക്കും നന്ദിയർപ്പിക്കുകയും ചെയ്തു. കൊടുങ്കാറ്റില്‍ നിലംപരിശായ വലിയ മരങ്ങളുടെ ശിഖരങ്ങള്‍ പുല്‍ക്കൂടിന്‍റെ പാര്‍ശ്വങ്ങളില്‍ സംയോജനം ചെയ്തിരിക്കുന്നതും മലയോരപ്രദേശത്തെ ജനങ്ങളുടെ ജീവിതസമര്‍പ്പണവും സ്രഷ്ടാവായ ദൈവത്തോടു സകലര്‍ക്കുമുണ്ടാകേണ്ട വിസ്മയം തുളുമ്പുന്ന സ്നേഹത്തിന്‍റെയും ആദരവിന്‍റെയും പ്രതീകവുമാണെന്നും പാപ്പ പറഞ്ഞു.

85 അടി ഉയരമാണ് ത്രിവെനേത്തോ നിവാസികൾ സമ്മാനിച്ച ക്രിസ്മസ് ട്രീയ്ക്കുള്ളത്. സ്വർണ- വെള്ളി നിറങ്ങളിലുള്ള ഗോളങ്ങൾക്കൊപ്പം, വൈദ്യുതി കുറച്ചുമാത്രം ഉപയോഗിക്കുന്ന മാല ബൾബുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, 20 ചെറിയ ക്രിസ്മസ് ട്രീകളും ആൽപ്പ്‌സിലെ മറ്റൊരു പ്രോവിൻസായ വിസെൻസയിലെ ജനങ്ങളും സമ്മാനിച്ചിട്ടുണ്ട്.

ഓരോ വർഷവും വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ, അതത് രാജ്യങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹിക സാഹചര്യം വെളിപ്പെടുത്തും വിധമാണ് വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടുകൾ ഒരുക്കുന്നത്. ഇന്നലെ തീർത്ഥാടകർക്കായി തുറന്നുകൊടുത്ത പുൽക്കൂട്, ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാളായ ജനുവരി രണ്ട് വരെ പ്രദർശനത്തിനു വത്തിക്കാന്‍ ചത്വരത്തില്‍ ഉണ്ടാകും.



More Archives >>

Page 1 of 9