Arts - 2024

ശ്രദ്ധയാകര്‍ഷിച്ച് ഇറ്റലിയിലെ ജാപ്പനീസ് ശൈലിയിലുള്ള കന്യകനാഥയുടെ ബഹുവര്‍ണ്ണ ചുവര്‍ചിത്രം

സ്വന്തം ലേഖകന്‍ 16-11-2019 - Saturday

റോം: ഇറ്റലിയന്‍ ദേവാലയത്തില്‍ ജാപ്പനീസ് ശൈലിയിലുള്ള കന്യകനാഥയുടെ ബഹുവര്‍ണ്ണ ചുവര്‍ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. ജാപ്പനീസ് രക്തസാക്ഷികളുടെ നാമത്തിലുള്ള ഇറ്റലിയിലെ 'ചിവിത്തവേക്കിയ'യിലെ ദേവാലയത്തിന്‍റെ പ്രധാന അള്‍ത്താര വേദിയിലാണ് കിമോണോ അണിഞ്ഞ കന്യകാനാഥയുടെ ചിത്രമുള്ളത്. നവംബര്‍ 23-മുതല്‍ 26 വരെ പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുവാനിരിക്കെ വത്തിക്കാന്‍ ദിനപത്രം “ലൊസര്‍വത്തോരെ റൊമാനോ”യാണ് ഇത് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. യൂറോപ്പില്‍ മറ്റെങ്ങുമില്ലാത്ത ജാപ്പനീസ് ചിത്രമാണ് ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജപ്പാനില്‍നിന്നും കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിയ ലൂക്കാ ഹസെഗാവാ എന്ന ചിത്രകാരനാണ് സമുദ്രതീര പട്ടണമായ ചിവിത്തവേക്കിയയിലുള്ള ജപ്പാനിലെ രക്തസാക്ഷികളുടെ നാമത്തിലുള്ള ദേവാലയത്തിന്‍റെ പ്രധാന അള്‍ത്താരയുടെ ഒഴിഞ്ഞുകിടന്നിരുന്ന പശ്ചാത്തല ഭിത്തിയില്‍ ഒറ്റയാൾ വലുപ്പത്തില്‍ ഉണ്ണിയെ കയ്യിലേന്തിയ കന്യകാനാഥയുടെ ചിത്രീകരണം നടത്തിയത്.

ഉണ്ണി യേശുവിന്റെ കൈയ്യിലെ പ്രാവ് അപൂര്‍വ്വ ചുവര്‍ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. കന്യകാനാഥയുടെ പാര്‍ശ്വങ്ങളിലായി, വലതുഭാഗത്ത് ജപ്പാന്‍റെ അപ്പോസ്തലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെയും, ഇടതുഭാഗത്ത് ഇറ്റലിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും ചിത്രകാരന്‍ വരച്ചു ചേര്‍ത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

യാതൊരു പ്രതിഫലവും വാങ്ങാതെ തന്‍റെ ഒരു ആത്മീയ സമര്‍പ്പണമായി ചിത്രരചനകള്‍ കാഴ്ചവെച്ച കലാകാരനായിരിന്നു ലൂക്കാ ഹസെഗാവാ. ദേവാലയത്തിലെ ചിത്രീകരണങ്ങളില്‍ സംഭവിച്ച തന്‍റെ കരങ്ങളുടെ ഓരോ ഛായം തേയ്ക്കലും പ്രാര്‍ത്ഥനയായിരുന്നെന്നു അദ്ദേഹം പറഞ്ഞിരിന്നു. 1967-ല്‍ റോമാ നഗരത്തില്‍ മരണടഞ്ഞ ലൂക്ക ഹസെഗാവായെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ചിവിത്തവേക്കിയയിലെ ദേവാലയ സെമിത്തേരിയില്‍ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നതും.

More Archives >>

Page 1 of 8