Arts - 2025
34 ടണ്‍ ഭാരമുള്ള താഴികക്കുടം സ്ഥാപിച്ചു: റഷ്യന്‍ സൈനീക ദേവാലയ നിര്‍മ്മാണം പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍ 21-11-2019 - Thursday
മോസ്കോ: റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ദേവാലയമായി മാറുവാന്‍ പോകുന്ന റിസറക്ഷന്‍ കത്തീഡ്രലിന്റെ നിര്‍മ്മാണപുരോഗതിയില്‍ ഒരു നാഴികക്കല്ല് കൂടി. ദേവാലയത്തിന്റെ തിലകക്കുറിയായ ഗോപുരങ്ങളില്‍ സ്ഥാപിക്കുവാനുള്ള ആറ് താഴികക്കുടങ്ങളില്‍ ഒന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപിച്ചു. 34 ടണ്‍ ഭാരമുള്ള ഈ താഴികക്കുടം പടുകൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഒന്നില്‍ സ്ഥാപിച്ചത്. കുറുകെ 12 മീറ്റര്‍ നീളമുള്ള ഈ താഴികകുടം ടൈറ്റാനിയം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ മധ്യ ഗോപുരത്തില്‍ സ്ഥാപിക്കുന്ന താഴികക്കുടം ഇതിലും വലുതായിരിക്കും. മണിമാളികയിലായിരിക്കും ആറാമത്തെ താഴികക്കുടം സ്ഥാപിക്കുക.
മോസ്കോക്ക് സമീപം റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പ്രദര്‍ശന വേദിയായ പാട്രിയോട്ട് പാര്‍ക്കിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. ഒരു സൈനിക ദേവാലയത്തിന് ചേരുംവിധം മധ്യകാലഘട്ടത്തിലെ പടത്തൊപ്പിയുടെ ആകൃതിയിലാണ് താഴികകുടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള താഴികകുടങ്ങള്‍ സ്വര്‍ണ്ണത്തിനു പകരം ടൈറ്റാനിയം നൈട്രൈഡ് പാളികള്‍ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. 300 കോടി റൂബിള്‍ (4.7 കോടി ഡോളര്‍) നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഈ ദേവാലയം പ്രധാനമായും സ്വകാര്യ വ്യക്തികളുടെ സംഭാവനകള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്.
സൈന്യവുമായുള്ള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരിക്കും ദേവാലയത്തിലെ അലങ്കാരപ്പണികള്‍. ദേവാലയത്തിലെ ചില്ല് ജാലകങ്ങളെ മിലിട്ടറി അവാര്‍ഡുകളായിരിക്കും അലങ്കരിക്കുക. ചരിത്രത്തില്‍ റഷ്യക്ക് വേണ്ടി പൊരുതിമരിച്ച ധീരന്‍മാര്‍ക്ക് വേണ്ടിയുള്ള സ്മാരകമെന്ന നിലയിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. ദേവാലയത്തിലെ ചെറിയ നാല് ഗോപുരങ്ങള്‍ റഷ്യന്‍ സായുധ സേനയുടെ മാധ്യസ്ഥരായ നാലു വിശുദ്ധര്‍ക്ക് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.