Life In Christ - 2025

'ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടും': മുന്നറിയിപ്പുമായി ഹംഗേറിയൻ മന്ത്രി

സ്വന്തം ലേഖകന്‍ 07-12-2019 - Saturday

കാലിഫോര്‍ണിയ: ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഹംഗേറിയൻ മന്ത്രി. ഹംഗറിയുടെ ക്രൈസ്തവ വ്യക്തിത്വത്തിന് ഭീഷണി നേരിടുന്നതിനാലാണ്, ഹംഗറി കുടുംബങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്നും കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഹംഗേറിയൻ മന്ത്രി കാറ്റലിൻ നോവാക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിക്കു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്പിലെ പല രാജ്യങ്ങളിലും സംഭവിക്കുന്നതുപോലെ ജനസംഖ്യയിൽ വലിയതോതിലുള്ള കുറവ് ഹംഗറിയിലും അനുഭവപ്പെടുന്നുണ്ടെന്നും, പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ ജനസംഖ്യ വർദ്ധനവിനായി ആശ്രയിക്കാതെ, കുടുംബങ്ങൾക്ക് അനുകൂലമായ പദ്ധതികളിലൂടെ പ്രസ്തുത കുറവിനെ മറികടക്കാനാണ് ഹംഗറി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബ്രസീലിയൻ സർക്കാരുമായി ചേർന്ന് അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ സംയുക്തമായി സംഘടിപ്പിച്ച കുടുംബ നയങ്ങളെ സംബന്ധിച്ചുള്ള രണ്ടാമത് വാർഷിക സമ്മേളനത്തിലും കാറ്റലിൻ നോവാക്ക് സംസാരിച്ചു. കുടുംബങ്ങളുടെ വളർച്ചയ്ക്കും, അഭിവൃദ്ധിക്കുമായി ഹംഗേറിയൻ പ്രധാനമന്ത്രിമാർ വിക്ടർ ഒർബൻ പ്രഖ്യാപിച്ച ഏഴ് നയപരിപാടികൾ സമ്മേളനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവർ പീഡനമേൽക്കുന്ന സ്ഥലങ്ങളിൽ അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും കാറ്റലിൻ നോവാക്ക് പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെയും, കോൺഗ്രസിലെയും അംഗങ്ങളും, മറ്റ് സർക്കാരിതര സംഘടനകളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരിന്നു.


Related Articles »