India - 2025
പതിവ് തെറ്റിക്കാതെ മാര്‍ അറയ്ക്കല്‍: തുടര്‍ച്ചയായ 39ാം വര്‍ഷവും പീരുമേട് ദേവാലയത്തില്‍ ബലിയര്‍പ്പണം
സ്വന്തം ലേഖകന്‍ 09-12-2019 - Monday
കോട്ടയം: കഴിഞ്ഞ നാലു പതിറ്റാണ്ടായി മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ പീരുമേട് സെന്റ മേരീസ് ദേവാലയത്തില്‍ എത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന മാര്‍ മാത്യു അറയ്ക്കല്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. തുടര്‍ച്ചയായ 39ാം വര്‍ഷമാണ് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ പീരുമേട് സെന്റ മേരീസ് ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. ചങ്ങനാശേരി അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ പീരുമേട്ടിലേക്കു പ്രേഷിത ശുശ്രൂഷയ്ക്കു നിയുക്തനായി അദ്ദേഹം ചോര്‍ന്നൊലിച്ചിരുന്ന ദേവാലയത്തിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിയിരിന്നത്.
ഈ ദേവാലയത്തിലെ പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപത്തിനു അദ്ദേഹം മുന്‍പ് സേവനം ചെയ്തിരിന്ന പാറേല്‍ ദേവാലയത്തിലെമാതാവിന്റെ തിരുസ്വരൂപവുമായി ഏറെ സാദൃശൃമുണ്ടായിരുന്നു. വികസനം തെല്ലും എത്താത്ത പീരുമേട്ടിലെ സാമൂഹിക സാഹചര്യങ്ങളില്‍ ശുശ്രൂഷയുടെ സഹനങ്ങള്‍ പരിശുദ്ധ അമ്മയ്ക്കു നിയോഗമായി സമര്‍പ്പിച്ചു തുടങ്ങിയ പാരമ്പര്യം 39 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം മുടക്കിയിട്ടില്ലായെന്നത് ഏറെ ശ്രദ്ധേയമായി ഇന്നും തുടരുകയാണ്.