India - 2025
വചനത്തില്‍ നിന്നു ഉരുത്തിരിഞ്ഞ ചിന്തകളാണ് ജീവിതത്തെ നയിച്ചത്: മാര്‍ മാത്യു അറയ്ക്കല്‍
04-02-2020 - Tuesday
കാഞ്ഞിരപ്പള്ളി: ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്ന വചനത്തില്‍ നിന്നു ഉരുത്തിരിഞ്ഞ മൂന്നു ചിന്തകളാണ് എന്റെ 19 വര്‍ഷ കാലഘട്ടത്തിലെ ജീവിതത്തെ നയിച്ചതെന്നു ചുമതലയൊഴിഞ്ഞ മാര്‍ മാത്യു അറയ്ക്കല്‍. മാര്‍ മാത്യു അറയ്ക്കലിനു രൂപത കൂട്ടായ്മ നല്‍കിയ സ്‌നേഹാദര സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നമുക്കു നേടാനായതെല്ലാം ദൈവകൃപയാലാണ്. നിങ്ങളുടെയെല്ലാവരുടെയും, പ്രത്യേകിച്ചു വൈദിക സമൂഹത്തിന്റെയും സമര്‍പ്പിതരുടെയും മുഴുവന്‍ ദൈവജനത്തിന്റെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും സഹകരണത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഓരോ വ്യക്തിയുടെയും സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്റേതുകൂടിയാണെന്നും അതിലെനിക്ക് പങ്കുണ്ട് എന്ന ചിന്ത എന്നെ ആഴത്തില്‍ സ്വാധീനിച്ചു. സമഗ്രമായ ജീവന്റെ സമൃദ്ധി ഓരോ വ്യക്തിക്കും കരഗതമാകുന്‌പോള്‍ മാത്രമേ സുവിശേഷം ആ വ്യക്തിക്കു ജീവിത യാഥാര്‍ഥ്യമാകൂ എന്ന ബോധ്യമുണ്ടായി. സഭയെ ഞാന്‍ എപ്പോഴും വിശുദ്ധരുടെ മാത്രം ഒരു സമൂഹമായി അല്ല കണ്ടത്.
പാപികളും വിശുദ്ധരും ഒരുപോലെയുള്ള, ദൈവത്താല്‍ നയിക്കപ്പെടുന്ന കൂട്ടായ്മയാണ് സഭ. ആ ബോധ്യം എല്ലാവരെയും ഉള്‍ക്കൊള്ളുവാനും നമ്മുടെ മാനുഷിക ബലഹീനതകളെയും നിസഹായതകളെയും മനസിലാക്കി ജീവിക്കാന്‍ ഏറെ സഹായിച്ചു. ഈ ബോധ്യങ്ങളൊക്കെ എന്റെ പരിമിതികളില്‍നിന്നുകൊണ്ടു ജീവിക്കുവാന്‍ ശ്രമിച്ചു എന്നതു മാത്രമാണ് എനിക്കു സന്തോഷം നല്‍കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
![](/images/close.png)