India - 2024

പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ-യാക്കോബായ സഭകളുടെ തീരുമാനം

11-12-2019 - Wednesday

മുളന്തുരുത്തി: കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ക്കുള്ള അന്തര്‍ദേശീയ കമ്മീഷന്റെ സമ്മേളനം യാക്കോബായ സഭയുടെ വൈദിക സെമിനാരിയില്‍ നടന്നു. 1971 മുതല്‍ ഇരുസഭകളും ചേര്‍ന്നുണ്ടാക്കിയ ഉടന്പടികളുടെ വെളിച്ചത്തില്‍ ഇരുസഭകളുടെയും ഇടയില്‍ ഉണ്ടായിട്ടുള്ള ഐക്യവും കൂട്ടായ പ്രവര്‍ത്തനങ്ങളും കമ്മീഷന്‍ വിലയിരുത്തി. സഭാന്തര വിവാഹം സംബന്ധിച്ച് ഉണ്ടാക്കിയ ഉടന്പടിയുടെ അടിസ്ഥാനത്തില്‍ ഇരുസഭകള്‍ക്കും ബാധകമായ സംയുക്ത മാര്‍ഗ നിര്‍ദേശരേഖ രൂപപ്പെടുത്തി. ലോകത്താകമാനം ക്രിസ്തീയ സഭകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കുന്നതിന് കത്തോലിക്കാ സഭയും യാക്കോബായ സഭയും തുടര്‍ന്നും പ്രാദേശികതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തു.

യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും ലഹരി പദാര്‍ഥങ്ങളോടുള്ള ആസക്തിയും കണക്കിലെടുത്ത് ഫലപ്രദമായ ബോധവത്കരണവും വിമോചനവും നല്‍കാനുള്ള പദ്ധതികള്‍ ഇരുസഭകളും ഒരുമിച്ചു രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സഭയുടെ അടിസ്ഥാന പ്രമാണങ്ങളായ കാതോലികതയും (സാര്‍വത്രീകത) ഐക്യവും അപ്പസ്‌തോലികതയും അവഗണിച്ചുകൊണ്ട് സഭയ്ക്കുള്ളില്‍ 'ദേശീയ വാദം' ഉയര്‍ത്തിപ്പിടിക്കുന്നത് സഭയുടെ അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമാണ്.

ക്രിസ്തീയ സഭകള്‍ക്കിടയിലുള്ളതായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ക്രിസ്തീയ സ്‌നേഹത്തില്‍ ചര്‍ച്ചകളിലൂടെയും അനുരഞ്ജനത്തിലൂടെയും പരിഹരിക്കുകയാണ് അഭികാമ്യമെന്നും ഇതിന് ക്രിസ്തീയ സഭകളുടെ ഐക്യവും കൂട്ടായ സാക്ഷ്യവും അനിവാര്യമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മലങ്കര സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹിക്കാന്‍ കത്തോലിക്കാ സഭയുള്‍പ്പെടെ ഇതര ക്രൈസ്തവ സഭാമേലധ്യക്ഷര്‍ കൈക്കൊണ്ട തീരുമാനത്തെ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രശംസിക്കുകയും യാക്കോബായ സഭയുടെ പൂര്‍ണ പിന്തുണയും അറിയിക്കുകയും ചെയ്തു.

വത്തിക്കാനില്‍ നിന്നുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചു ബിഷപ്പ് ബ്രയാര്‍ ഫാരലും യാക്കോബായ സഭയുടെ എക്യുമെനിക്കല്‍ വിഭാഗത്തിന്റെ പ്രസിഡന്റ് കുര്യക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയും അധ്യക്ഷത വഹിച്ചു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് മാര്‍ മാത്യു മൂലക്കാട്ടില്‍, തോമസ് മാര്‍ കൂറിലോസ്, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. മാത്യൂ വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍, റവ. ഡോ. അഗസ്റ്റിന്‍ കടയപ്പറന്പില്‍, ഫാ. ഹിയാസിന്‍ ഡെസ്റ്റിവെല്ല എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മാത്യൂസ് മാര്‍ അന്തിമോസ്, ആദായി ജേക്കബ് കോര്‍ എപ്പിസ്‌ക്കോപ്പ, കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ഷിബു ചെറിയാന്‍, ഫാ. ദാനിയേല്‍ തട്ടാറയില്‍, ഫാ. പ്രിന്‍സ് പൗലൂസ്, ഫാ. ഗ്രിഗര്‍ കൊള്ളന്നൂര്‍, ഫാ. അജിയാന്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.

More Archives >>

Page 1 of 286