News - 2024

നൈജീരിയയിൽ ഈ വര്‍ഷം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 12-12-2019 - Thursday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ഈ വര്‍ഷം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവരെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ്, 'യുവർ ലാൻഡ് ഓർ യുവർ ബ്ലഡ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. ലണ്ടനിൽ നടന്ന ഇന്റർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ക്രൈസിസ് കോൺഫറൻസിൽ പ്രസ്തുത റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജനുവരി മാസത്തിനു ശേഷം മാത്രം നൈജീരിയയിലെ കടുണ സംസ്ഥാനത്ത് അഞ്ച് കടുത്ത ആക്രമണങ്ങളാണുണ്ടായത്. ഇതിൽ അഞ്ഞൂറോളം ആളുകൾ മരണമടഞ്ഞു.

മറ്റ് പല പ്രവിശ്യകളിലും ഇതിനിടയിൽ അക്രമങ്ങൾ നടന്നിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം, തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെഡ്സ്മാന്‍ നൈജീരിയയിലെ പല പ്രദേശങ്ങളിലും വളരെയധികം സജീവമാണ്. 2015ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ആറായിരത്തിലധികം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. മതവും ചിന്താഗതികളുമാണ് ആക്രമണങ്ങൾക്ക് പിന്നിലെ മുഖ്യ ചേതോവികാരമെന്നാണ് ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.

ക്രൈസ്തവ കൂട്ടക്കുരുതി നരഹത്യയായി അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം ഒഴിവാക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്.


Related Articles »