News - 2025
പാപ്പയ്ക്കു സുവര്‍ണ്ണ ജൂബിലി, നവതിയില്‍ തൂങ്കുഴി പിതാവ്: ആഘോഷ നിറവില്‍ കേരള സഭ
സ്വന്തം ലേഖകന്‍ 13-12-2019 - Friday
ആഗോള കത്തോലിക്ക സഭയ്ക്കും കേരള സഭയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ദിവസമാണ് ഇന്ന്. തിരുസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ഇന്ന് ആഘോഷിക്കുമ്പോള്‍ തന്നെ കേരള സഭയില്‍ ദൈവ വചനത്തിന്റെ വിത്തുകള്‍ വിതറിയ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് നവതിയിലേക്ക് പ്രവേശിക്കുകയാണ്. പാപ്പാക്കും തൂങ്കുഴി പിതാവിനും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ സജീവമാണ്.
രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ ബെർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) 1958 മാര്‍ച്ച് 11-ാം തീയതിയാണ് ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചത്, ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. അതേ, പാപ്പയുടെ തിരുപ്പട്ട സ്വീകരണത്തിന് ഇന്നേക്ക് അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
1930 ഡിസംബര്‍ 13നു പാലായ്ക്കു സമീപം വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായി ജനിച്ച തൂങ്കുഴി പിതാവ് ചങ്ങനാശേരി രൂപതയ്ക്കുവേണ്ടി 1947-ലാണ് വൈദിക പരിശീലനം ആരംഭിച്ചത്. 1956 ഡിസംബര്‍ 22നു റോമില്‍വെച്ച് പൗരോഹിത്യം സ്വീകരിച്ചു. 1973 മുതല്‍ മെത്രാന്‍ എന്ന നിലയില്‍ 46 വര്‍ഷത്തെ ശുശ്രൂഷ. തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി, താമരശേരി രൂപതകളില്‍ മെത്രാനായി 24 വര്‍ഷവും സേവനമനുഷ്ഠിച്ചു.
പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കും നവതിയിലേക്ക് പ്രവേശിക്കുന്ന മാര്‍ ജേക്കബ് തൂങ്കുഴി പിതാവിനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം..!