News - 2024
കെനിയയിൽ ക്രൈസ്തവരെ തെരഞ്ഞ് പിടിച്ച് തീവ്രവാദി ആക്രമണം: 9 മരണം
സ്വന്തം ലേഖകന്‍ 14-12-2019 - Saturday
കെനിയയുടെ വടക്കുകിഴക്ക് അതിർത്തി മേഖലയിൽ ബസ് തടഞ്ഞുനിർത്തി ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ തെരഞ്ഞുപിടിച്ചു വെടിവെച്ചുകൊന്നു. 9 ക്രൈസ്തവർ ഭീകരരുടെ തോക്കിനിരയായി. ഡിസംബർ ആറാം തീയതി ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ നിന്നും മാൻഡേറയിലേക്ക് പോയ ബസിനു നേരെയാണ് തീവ്രവാദി ആക്രമണം ഉണ്ടായതെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്തു. അൽ ഷബാബ് തീവ്രവാദി സംഘടനയാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം.
ബസ് തടഞ്ഞു നിർത്തിയതിനുശേഷം തീവ്രവാദികൾ ബസിലുണ്ടായിരുന്ന അന്‍പതിലധികം വരുന്ന യാത്രക്കാരെ മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമായി വേര്‍തിരിച്ചു. പിന്നീട് ഇസ്ലാമിക വിശ്വാസ പ്രമാണം ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടു. തുടര്‍ന്നു വിശ്വാസപ്രമാണം ചൊല്ലാത്ത ക്രൈസ്തവർക്ക് നേരെ അൽ ഷബാബ് തീവ്രവാദികൾ നിറയൊഴിക്കുകയായിരിന്നു. മാൻഡേറ ഗവർണർ സംഭവത്തെ അപലപിച്ചു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സമാനമായ ആക്രമണം ക്രൈസ്തവർക്ക് നേരെ 2018ലും ഉണ്ടായിട്ടുണ്ട്. അന്ന് ബസ് യാത്രികരായിരുന്ന രണ്ടു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.