India - 2025
'ഈശോയെ കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന സമൂഹത്തെ രൂപപ്പെടുത്തുവാന്‍ കടമയുണ്ട്'
സ്വന്തം ലേഖകന്‍ 16-12-2019 - Monday
കൊടകര: ഈശോ മിശിഹായെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തുവാന്‍ വിശ്വാസപരിശീലകര്‍ക്കു കടമയുണ്ടെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇരിങ്ങാലക്കുട രൂപത വിശ്വാസപരിശീലക സംഗമം 'ക്രേദോ 2019' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീ ഇവിടെ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് 'സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്' എന്ന് ഏലിയാ പ്രവാചകനെപ്പോലെ പറയുവാന്‍ മതാധ്യാ പകര്‍ക്ക് ആകണം. കത്തോലിക്ക സഭയെ ക്കുറിച്ച് അഭിമാനത്തോടെ ചിന്തിക്കുവാനും പറയുവാനും വിശ്വാസപരിശീലകര്‍ക്കു കടമയുണ്ട് ബിഷപ് പറഞ്ഞു. മതാധ്യാപകര്‍ പീഠത്തിന്മേല്‍ വയ്ക്കപ്പെട്ട വിളക്കാണെന്നും ക്രൈസ്തവ സംസ്‌കാര നിര്‍മിതിയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നവരാണെന്നും അധ്യക്ഷപ്രസംഗത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, സീറോ മലബാര്‍ മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍ വെട്ടത്ത്, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍ സ്വാഗതം ആശംസിച്ചു. അഖില കേരള ലോഗോസ് പ്രതിഭയായ ഇരിങ്ങാലക്കുട രൂപതയിലെ ആളൂര്‍ ഇടവകാംഗം മെറ്റില്‍ഡ ജോണ്‍സനെ സംഗമത്തില്‍ ആദരിച്ചു. കല്പറന്പ് ഫൊറോന ഡയറക്ടറും പരിപാടികളുടെ കോഓര്‍ഡിനേറ്ററുമായ ഫാ. ജോസ് റാഫി അന്പൂക്കന്‍, മതബോധന അസിസ്റ്റന്റ് ഡയറക്ടറും കണ്‍വീനറുമായ ഫാ. ജിജോ മേനോത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട രൂപതയിലെ 137 ഇടവകകളില്‍ നിന്നുള്ള നാലായിരത്തില്പുരം വിശ്വാസ പരിശീലകര്‍ കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സംഗമിച്ചപ്പോള്‍ 'ക്രേദോ 2019' വ്യത്യസ്ത അനുഭവമായി. ദൈവവിളി പ്രോത്സാഹന വര്‍ഷത്തില്‍ 'ഗുരുദര്‍ശനം ജീവിതവിളികളില്‍' എന്ന ആപ്തവാക്യവുമായി നടന്ന സംഗമം സംഘാടക മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും അവതരണംകൊണ്ടും ശ്രദ്ധ നേടി. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനും പ്രശസ്ത സൈബര്‍ സെല്‍ വിദഗ്ധനും പ്രാസംഗികനുമായ അഡ്വ. ജിജില്‍ ജോസഫ് കിഴക്കരക്കാട്ട് ക്ലാസ് നയിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലിയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. വെള്ളാനി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ രംഗപൂജ അവതരിപ്പിച്ചു.
