News - 2024

'ക്രിസ്തുമസിന് ക്രൈസ്തവ കുടുംബങ്ങളെ ദത്തെടുക്കണം': അഭ്യര്‍ത്ഥനയുമായി ലെബനീസ് വൈദികൻ

സ്വന്തം ലേഖകന്‍ 18-12-2019 - Wednesday

ബെയ്റൂട്ട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലെബനോനിൽ ജീവിക്കുന്ന ക്രൈസ്തവ അഭയാർത്ഥി കുടുംബങ്ങളെ ആത്മീയമായും ഭൗതീകമായും ദത്തെടുക്കാൻ അഭ്യര്‍ത്ഥനയുമായി കത്തോലിക്ക വൈദികന്‍. സെന്റ് റാഫ്ക മിഷൻ ഓഫ് ഹോപ്പ് ആൻഡ് മേഴ്സി എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ആന്ധ്രേ സെബാസ്റ്റ്യൻ മഹാനയാണ് ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവ കുടുംബങ്ങളെ ദത്തെടുക്കാന്‍ അഭ്യര്‍ത്ഥനയുമായി രംഗത്തുവന്നിരിക്കുന്നത്.

ഏകദേശം 20 ലക്ഷം സിറിയൻ അഭയാർത്ഥികൾ ലെബനോനിൽ ജീവിക്കുന്നുണ്ട്. രാജ്യത്ത് കഴിയുന്ന 4500 സിറിയൻ, ഇറാഖി അഭയാർത്ഥി കുടുംബങ്ങൾക്കായി ഡിസംബർ 14നു അത്താഴ വിരുന്നും, ക്രിസ്തുമസ് പരിപാടികളും ഫാ. മഹാനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. 2500 കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങളും അവർ കൈമാറി. 50 ഡോളർ കൊടുത്താൽ ഒരു കുടുംബത്തെ ദത്തെടുക്കാൻ സാധിക്കും. അങ്ങനെ ചെയ്താൽ അത് രാഷ്ട്രീയ, അഭയാർത്ഥി പ്രതിസന്ധി തീരുന്നതുവരെ ആളുകൾക്ക് സഹായകരമായി തീരും.

പ്രാര്‍ത്ഥന കൊണ്ടുള്ള പിന്തുണ അറിയിച്ച് കുടുംബങ്ങളെ പ്രതീകാത്മകമായി ദത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സുസ്ഥിരത ഉണ്ടാകുവാനായി അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്നും എല്ലാ മത വിഭാഗങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ മാതൃകയായി ലെബനോൻ നിലനിൽക്കാൻ ഏവരുടെയും പ്രാർത്ഥന തേടുന്നതായും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് ലെബനോൻ കടന്നുപോകുന്നത്. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.


Related Articles »