India - 2025

സൂസപാക്യം പിതാവ് പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്നേക്ക് അന്‍പത് വര്‍ഷം

സ്വന്തം ലേഖകന്‍ 20-12-2019 - Friday

തിരുവനന്തപുരം: അനേകായിരങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പിതാവ്, ഇന്നു പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത് മാത്രമാണ് സുവര്‍ണ ജൂബിലി ആഘോഷം. തമിഴ്‌നാട്ടിലെ തീരദേശ ഗ്രാമമായ മാര്‍ത്താണ്ഡം തുറയില്‍ ഇല്ലായ്മകളുടെ ഇടയില്‍ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും വീട്ടമ്മയായ ത്രേസ്യാമ്മയുടെയും മകനായി പിറന്ന സൂസപാക്യത്തേക്കുറിച്ചു ദൈവത്തിനു വലിയ പദ്ധതികളുണ്ടായിരുന്നു.

1958-ല്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന സൂസപാക്യം 1969 ഡിസംബര്‍ 20 ന് അദ്ദേഹം ബിഷപ്പ് ഡോ. പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ലാളിത്യവും എളിമയും അനുസരണാശീലവും കൈമുതലാക്കിയ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വൈദികനായിരുന്നു അദ്ദേഹം. എന്നാല്‍, ദൈവം അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് വലിയ ഉത്തരവാദിത്തങ്ങളിലേക്കായിരുന്നു. പൗരോഹിത്യ ജീവിതം ഇരുപതാണ്ടായപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1989 ഡിസംബര്‍ രണ്ടിന് ഫാ. സൂസപാക്യത്തെ തിരുവനന്തപുരം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിച്ചു.

You May Like: ‍ 'ദൈവം ഭരമേല്‍പ്പിച്ച ദൗത്യം ഇനിയും പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ല': അജഗണത്തിന് സൂസപാക്യം പിതാവിന്റെ ഹൃദയസ്പര്‍ശിയായ കത്ത്

1990 ഫെബ്രുവരി രണ്ടിന് ബിഷപ്പായി അഭിഷിക്തനായി. അടുത്ത വര്‍ഷം ജനുവരി 31 ന് രൂപതയുടെ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി. 2004 ജൂണ്‍ 17 ന് തിരുവനന്തപുരം രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 23 ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ അദ്ദേഹം കര്‍ക്കശമായ നിലപാടെടുത്തത് ആശ്വാസമായത് ആയിരക്കണക്കിനു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. ഒരു കാലത്ത് വ്യാജവാറ്റിന്റെ കേന്ദ്രമായിരുന്ന തീരപ്രദേശമായ പൊഴിയൂരിനെ വ്യാജവാറ്റ് വിമുക്തമാക്കിയത് ഡോ. സൂസപാക്യം ഒരാളുടെ ഇടപെടല്‍ വഴി മാത്രമാണ്. ഭരണസംവിധാനങ്ങള്‍ പോലും അടുക്കാന്‍ ഭയപ്പെട്ടു നിന്നിരുന്ന മേഖലയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ സൗമ്യമായ വാക്കുകളുമായി അദ്ദേഹം ചെന്ന്‍ ഇടപെടലുകള്‍ നടത്തി.

രണ്ടു വര്‍ഷം മുന്പ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോള്‍ തീരദേശത്ത് ആശ്വാസവുമായി ഓടിയെത്തിയത് തീരവാസികളുടെ പ്രിയപ്പെട്ട ഈ ആര്‍ച്ച്ബിഷപ്പായിരുന്നു. സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച അദ്ദേഹം സ്വന്തം നിലയില്‍ ദുരന്തബാധിതര്‍ക്കായി പാക്കേജും പ്രഖ്യാപിച്ചു. ഇന്നും ആ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ഓഖി ബാധിതര്‍ക്കു ലഭിച്ചു വരുന്നു. ഏറ്റവുമൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം വിഴിഞ്ഞത്തു തുറമുഖ നിര്‍മാണം തുടങ്ങേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കുറച്ചെങ്കിലും നീതി ലഭിക്കാന്‍ സഹായകമായത്.

അടുത്ത നാളുകളില്‍ അണുബാധ കലശലായി പനിബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാഴ്ചയോളമായി ചികിത്സയിലായിരിന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. തുടര്‍ന്നു അതീവ ഗുരുതരവസ്ഥയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാരുടെ കണക്കുകൂട്ടലുകളെ പൂര്‍ണ്ണമായി മാറ്റിമറിച്ച് അദ്ദേഹം തന്റെ ശുശ്രൂഷ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവരികയായിരിന്നു.

പ്രാര്‍ത്ഥിക്കാം, ആശംസകള്‍ നേരാം നമ്മുടെ സൂസപാക്യം പിതാവിന് ‍


Related Articles »