India - 2025

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്തു കളഞ്ഞത് അംഗീകരിക്കാനാവില്ല: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

31-12-2019 - Tuesday

തിരുവനന്തപുരം: നാടിന്റെ വികസനത്തില്‍ വലിയ സംഭാവന ചെയ്തവരാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹമെന്നും പാര്‍ലമെന്റിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കിയത് സമുദായത്തെ പിടിച്ചുകുലുക്കിയെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന രൂപീകരിച്ച വേളയില്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ വികസനത്തെക്കുറിച്ച് അവര്‍ക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, സമുദായത്തെ സംരക്ഷിക്കാന്‍ ഭരണഘടനാ ശില്‍പികള്‍ അവര്‍ക്കു ചില അവകാശങ്ങള്‍ അംഗീകരിച്ചു നല്‍കി. ആ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തു കളഞ്ഞത് ആര്‍ക്കും അംഗീകരിക്കാനാവില്ല. അധികാരവും ബലവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നത് ഭരണഘടനയ്ക്കു യോജിച്ച കാര്യമല്ല. യഥാര്‍ഥ സ്ഥിതി മനസിലാക്കാതെയാണ് അവരുടെ അവകാശങ്ങള്‍ റദ്ദാക്കിയത്. എടുത്തുകളഞ്ഞ അവകാശം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. രാജ്ഭവന്‍ മാര്‍ച്ചില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ, മുന്‍ എംപി ചാള്‍സ് ഡയസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ട്രഷറര്‍ ജോണ്‍സണ്‍ നൊറോണ, ഇവാന്‍ നിഗ്ലി തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles »