News - 2024

വിവിധ രാജ്യങ്ങളില്‍ നടന്ന കൂട്ടക്കുരുതിയെ അപലപിച്ച് ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 31-12-2019 - Tuesday

നൈജീരിയ, സിറിയ, സൊമാലിയ എന്നിവിടങ്ങളില്‍ നടന്ന കൂട്ടക്കുരുതിയെ അപലപിച്ച് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍. ആക്രമണങ്ങളെ അപലപിച്ച വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറൽ സെക്രട്ടറി റവ. ഡോ. ഒലവ് ഫിക്ക്സ്സെ ഏതെങ്കിലും മതത്തിന്‍റെ പേരിൽ നിരപരാധികളായ മനുഷ്യർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഒരു മതവും അതിനെ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടു. എല്ലാ സാഹചര്യങ്ങളിലും മനുഷ്യാന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുകയും അതുപോലെ തന്നെ ആക്രമണ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള വിദ്വേഷത്തെയും അസഹിഷ്ണുതയെയും പ്രതിരോധിക്കാൻ പ്രവര്‍ത്തിക്കുമെന്നും ഒലവ് ഫിക്ക്സ്സെ പ്രഖ്യാപിച്ചു. ക്രിസ്ത്യാനികളെ മുസ്ലീങ്ങൾക്കെതിരെ തിരിക്കുന്നതിലൂടെ നൈജീരിയൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടുലക്ഷത്തിലധികം ആളുകൾ ഇഡ്‌ലിബ് മേഖലയിൽ നിന്ന് പലായനം ചെയ്തതായി യുഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയൻ ജനത ഇതിനകം തന്നെ ഏറെ സംഘട്ടനങ്ങൾക്കും രക്തച്ചൊരിച്ചിൽ, ആക്രമണം, പലായനം എന്നിവയ്ക്കും വിധേയമായിട്ടുണ്ട്. ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്തുവാന്‍ അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ദുരന്ത വർഷങ്ങളിൽ നടന്ന അക്രമങ്ങളില്‍ ഇരയായവരുടെ സമാധാനത്തിനും, വിശ്രമത്തിനും, സംഭാഷണത്തിനും, നീതിക്കും വേണ്ടിയുള്ള സമയമാണിതെന്നും ഫിക്ക്സ്സെ ഓര്‍മ്മിപ്പിച്ചു.

ഡിസംബർ 28ന് സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന ബോംബാക്രമണത്തിനെയും അദ്ദേഹം അപലപിച്ചിട്ടുണ്ട്. സംഭവത്തില്‍ 76 പേർ മരിക്കുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമാസക്തമായ തീവ്രവാദത്തിന്‍റെ ആഘാതം രാജ്യത്തിന് കൂടുതൽ ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്. ദൈനംദിന ജീവിതം നയിക്കുന്ന ജനങ്ങള്‍ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ നിന്നവസരത്തിലും, നിരപരാധികളായ ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിൽ നടന്നു പോയപ്പോഴുമാണ് കൊല്ലപ്പെട്ടത്. ഈ അക്രമണങ്ങളെ ആഗോള ക്രൈസ്തവ സഭാ കൗണ്‍സില്‍ (WCC) അപലപിക്കുന്നുവെന്നും ഏവർക്കും സമാധാനവും നീതിയും, അന്തസ്സും, നിറഞ്ഞ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പ്രയത്‌നിക്കാമെന്നും അദ്ദേഹം പ്രമേയത്തില്‍ കുറിച്ചു.


Related Articles »