Arts

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്നാപകന്റെ ശിരഛേദന പെയിന്റിംഗില്‍ തിരുപിറവിയുടെ 'രഹസ്യ ചിത്രം'

സ്വന്തം ലേഖകന്‍ 01-01-2020 - Wednesday

ന്യൂകാസില്‍: വിശുദ്ധ സ്നാപക യോഹന്നാനെ ശിരഛേദം ചെയ്യുന്നത് ചിത്രീകരിച്ചുകൊണ്ട് അജ്ഞാതനായ കലാകാരന്‍ വരച്ച ഒരു പെയിന്റിംഗിനടിയില്‍ മറഞ്ഞിരുന്ന തിരുപ്പിറവിയുടെ ചിത്രം കണ്ടെത്തി. എക്സറേ സ്കാനിംഗിലൂടെ നോര്‍ത്തംബ്രിയ സര്‍വ്വകലാശാലയിലെ വിദഗ്ദരാണ് പതിനാറാം നൂറ്റാണ്ടിലെ ഈ പെയിന്‍റിംഗില്‍ നിന്ന്‍ ശ്രദ്ധേയമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബോവെസ് മ്യൂസിയത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന പെയിന്റിംഗില്‍ കാലപ്പഴക്കം കൊണ്ടുള്ള കേടുപാടുകള്‍ കണ്ടെത്തുവാന്‍ എക്സറേ സ്കാനിംഗ് നടത്തുന്നതിനിടയിലായിരിന്നു അപൂര്‍വ്വ കണ്ടെത്തല്‍.

പെയിന്റിംഗുകള്‍ മറഞ്ഞിരിക്കുന്നതും, ഇത്രയും വ്യക്തമായ രീതിയില്‍ തിരുപ്പിറവിയുടെ പെയിന്റിംഗ് കണ്ടെത്തിയതും അസാധാരണമാണെന്നു നോര്‍ത്തംബ്രിയ സര്‍വ്വകലാശാലയിലെ ഫൈന്‍ ആര്‍ട്സ് പുനരുദ്ധാരണ വിഭാഗം സീനിയര്‍ ലെക്ച്ചറായ നിക്കോള ഗ്രിമാള്‍ഡി പ്രതികരിച്ചു. പുറത്തുകാണാവുന്ന ചായത്തിന്റെ താഴ് ഭാഗത്തെ അടുക്കില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ തങ്ങള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി എക്സ്-റേഡിയോഗ്രാഫിയായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നതെന്നും, സ്നാപക യോഹന്നാന്റെ ചിത്രത്തിന് പിന്നിലെ തിരുപ്പിറവിയുടെ ഭാഗം തന്നെ ശരിക്കും അമ്പരിപ്പിച്ചുവെന്നും ഗ്രിമാള്‍ഡി കൂട്ടിച്ചേര്‍ത്തു.

സ്കാനിംഗിലൂടെ കണ്ടെത്തിയ ചിത്രത്തില്‍ നിരവധി രൂപങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. മൂന്ന്‍ പൂജ രാജാക്കന്‍മാരില്‍ ഒരാളുടേതെന്ന് കരുതപ്പെടുന്ന രൂപവും ഇതില്‍ ഉണ്ട്. സമ്മാനം പിടിച്ചിരിക്കുന്ന രീതിയിലാണ് രൂപത്തിന്റെ കരം. തലയില്‍ വിശുദ്ധ വലയത്തോടെ കാലിത്തൊഴുത്തില്‍ കിടക്കുന്ന ഉണ്ണി യേശുവിന്റെ രൂപവും വളരെ വ്യക്തമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള വിശ്വാസപരമായ ചിത്രങ്ങളില്‍ സുവര്‍ണ്ണ ഇലകള്‍ ചേര്‍ക്കുന്നത് അക്കാലത്തെ പതിവായിരുന്നുവെന്നും ഉണ്ണിയേശുവിന്റെ തലക്ക് മുകളിലുള്ള വിശുദ്ധ വലയത്തില്‍ സ്വര്‍ണ്ണത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.

ചിത്രത്തിന്റെ മുകളില്‍ മറ്റൊരു ചിത്രം വരച്ചതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഇതിന്റെ പിന്നില്‍ നിരവധി കാരണങ്ങളുണ്ടായിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. ചിത്രത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, എക്സ്റേ സ്പെക്ട്രോസ്കോപ്പി, ഇന്‍ഫ്രാറെഡ് റിഫ്ലക്റ്റോഗ്രാഫി പോലെയുള്ള നോര്‍ത്തംബ്രിയ സര്‍വ്വകലാശാലയിലെ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കെമിക്കല്‍ വിശകലനം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദഗ്ദര്‍.

More Archives >>

Page 1 of 10