Arts - 2025
മൂന്നാം നൂറ്റാണ്ടിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയം എത്യോപ്യയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 16-12-2019 - Monday
ആഡിസ് അബാബ: സബ്-സഹാറന്‍ ആഫ്രിക്കയിലെ അറിവായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ഒരു സംഘം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസം നിയമപരമാക്കിയ എഡി 313-നോടടുത്ത കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ദേവാലയം അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന എത്യോപ്യയില്‍ നിന്നുമാണ് കണ്ടെത്തിയത്. 60 അടി നീളവും 40 അടി വീതിയുമുള്ള പുരാതന റോമന്‍ ശൈലിയിലുള്ള ഒരു ബസലിക്കയാണ് കണ്ടെത്തിയവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
പുരാതന ലോകത്തെ ഏറ്റവും മനോഹരവും നിഗൂഢവുമായ സാമ്രാജ്യങ്ങളില്‍ ഒന്നായ അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള അത്ഭുതകരമായ വിശ്വാസ പരിവര്‍ത്തനത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതായിരിക്കും ഈ കണ്ടെത്തലെന്നാണ് പുരാവസ്തു ലോകത്തിന്റെ പ്രതീക്ഷ. ഭരണപരമായ ആവശ്യത്തിനായി റോമാക്കാര്‍ നിര്‍മ്മിച്ച ബസലിക്ക കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്ത്യാനികള്‍ തങ്ങളുടെ ആരാധനാപരമായ ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുകയായിരുന്നു.
ബസലിക്കക്ക് പുറമേ, “വെനറബിള്‍” എന്ന പുരാതന എത്യോപ്യന്‍ പദവും, കുരിശും കൊത്തിയിട്ടുള്ള കല്ലുകൊണ്ടുള്ള പതക്കവും, സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്നതിനുള്ള ധൂപക്കുറ്റിയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ബസലിക്കയുടെ പടിഞ്ഞാറന്‍ മതിലില്‍ “ക്രിസ്തു ഞങ്ങള്‍ക്ക് സഹായകമായിരിക്കണേ” എന്ന ലിഖിതവും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എറിത്രിയയുമായുള്ള ഇന്നത്തെ അതിര്‍ത്തിയോട് ചേര്‍ന്ന് ചെങ്കടലിന്റെ തെക്ക്-പടിഞ്ഞാറു ഭാഗത്തുനിന്നും എഴുപതു കിലോമീറ്റര്‍ അകലെ, പ്രാദേശിക ഭാഷയായ ടിഗ്രിന്യ ഭാഷയില്‍ ‘പ്രേക്ഷകരുടെ ഭവനം’ എന്നര്‍ത്ഥമുള്ള ‘ബീറ്റ സമതി’ എന്ന സ്ഥലത്ത് നടത്തിയ ഉദ്ഘനനത്തിലാണ് ചരിത്രപരമായ ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്.
കോണ്‍സ്റ്റന്റൈന്‍ ക്രൈസ്തവ വിശ്വാസം നിയപരമാക്കിയ കാലഘട്ടത്തില്‍ തന്നെ ക്രിസ്തീയത എത്യോപ്യയില്‍ വ്യാപിച്ചിരുന്നു എന്ന് വിശ്വസിക്കുവാന്‍ ഈ കണ്ടെത്തല്‍ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നുവെന്ന് വാഷിംഗ്‌ടണ്‍ ഡി.സി യിലെ സ്മിത്ത്സോണിയന്‍ മാഗസിന്‍ പറയുന്നു. ഗ്രീക്ക് സംസാരിക്കുന്ന ഫ്രൂമെന്റിയൂസ് എന്ന മിഷ്ണറിയിലൂടെയാണ് ക്രിസ്തീയത അക്സും സാമ്രാജ്യത്തില്‍ പ്രചരിച്ചതെന്നും, ഇദ്ദേഹമാണ് എസാന എന്ന രാജാവിനെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നുമാണ് എത്യോപ്യന്‍ ഐതിഹ്യം. എന്നാല്‍ ഇതിന് ചരിത്രപരമായ യാതൊരു വിശ്വാസ്യതയുമില്ല. ഈ സാഹചര്യത്തില്‍ നിലവിലെ ഗവേഷണം വഴിത്തിരിവാകുമെന്നാണ് നിരീക്ഷകരുടെ അനുമാനം.