Arts - 2024

ബൈസന്റൈന്‍ സ്തോത്രഗീതങ്ങള്‍ യുനെസ്കോ പൈതൃക പട്ടികയില്‍

സ്വന്തം ലേഖകന്‍ 15-12-2019 - Sunday

സൈപ്രസിലേയും ഗ്രീസിലേയും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാക്രമത്തെ സമ്പുഷ്ടവും, സംഗീതസാന്ദ്രവുമാക്കുന്ന ബൈസന്റൈന്‍ സ്തോത്രഗീതങ്ങള്‍ യുനെസ്കോയുടെ (UNESCO) ‘ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഹുമാനിറ്റി’ പട്ടികയില്‍ ഇടംപിടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇതുസംബന്ധിച്ച് യുനെസ്കോ നടത്തിയ പ്രഖ്യാപനത്തോടെ രണ്ടായിരം വര്‍ഷങ്ങളായി നിലനിന്നുവരുന്ന ഈ ബൈസന്റൈന്‍ സ്തോത്രഗീതങ്ങള്‍ വീണ്ടും ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. സജീവവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഈ സമഗ്ര സംഗീത സമന്വയം ആത്മീയജീവിതവും മതാരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുനെസ്കോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

നൂറ്റാണ്ടുകളിലായി നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്ത ഈ സ്തോത്രഗീതങ്ങള്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ആരാധനയുടെ കേന്ദ്രമായി ഇന്നും നിലകൊള്ളുന്നതിനെക്കുറിച്ച് യുനെസ്കോ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ദൈവാരാധനയിലാണ് ഈ സ്വരകല പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിശുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ദൗത്യം. ‘ലോഗോസ്’ എന്ന പദം കാരണമാണ് ഈ കല ഇന്നും നിലനില്‍ക്കുന്നതെന്നും യുനെസ്കോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. തലമുറകളായി വാമൊഴിയിലൂടെ പകര്‍ന്നുനല്‍കപ്പെട്ട ഈ സംഗീത സമ്പ്രദായത്തിന്റെ പ്രധാന സവിശേഷതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

8 സ്വരഭേദങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിരിക്കുന്ന ഈ സ്തോത്രഗീതങ്ങളില്‍ പ്രത്യേക പദങ്ങളെ എടുത്തുകാട്ടുന്നതിനായി വിവിധ താളങ്ങളുമുണ്ട്. പ്രധാനമായും പുരുഷ ശബ്ദവുമായിട്ടാണ് ഈ സ്വരകല ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും കന്യാസ്ത്രീ മഠങ്ങളിലും, ദേവാലയ സംഗീതത്തിലും ഇത് ആലപിക്കാറുണ്ടെന്നും യുനെസ്കോ പറയുന്നു. വിദഗ്ദരും അല്ലാത്തവരുമായ സംഗീതജ്ഞരുടേയും, ഗായക സംഘത്തിന്റേയും, സംഗീത സംവിധായകരുടേയും, സംഗീത രചയിതാക്കളുടേയും, പണ്ഡിതന്‍മാരുടേയും അര്‍പ്പണത്തിന്റെ ഫലമായി ഈ സ്തോത്രഗീതങ്ങള്‍ കാലക്രമേണ വളരെയേറെ വികസിച്ചിട്ടുണ്ടെന്ന്‍ പറഞ്ഞുകൊണ്ടാണ് യുനെസ്കോയുടെ പ്രഖ്യാപനം അവസാനിക്കുന്നത്.


Related Articles »