News - 2024

ക്രൈസ്തവ നിന്ദയുമായി തുര്‍ക്കി കമ്പനി: കുരിശ് ആലേഖനം ചെയ്ത ഷൂസുകൾ ഇറാഖിൽ വില്പനയ്ക്ക്

സ്വന്തം ലേഖകന്‍ 01-01-2020 - Wednesday

ഇര്‍ബില്‍: ക്രൈസ്തവ വിശ്വാസികൾ പരിപാവനമായി കാണുന്ന കുരിശ്, ആലേഖനം ചെയ്ത ഷൂസുകൾ ഉത്തര ഇറാഖിലെ കുർദ് വംശജർ അധിവസിക്കുന്ന സ്ഥലങ്ങളിലെ കടകളിൽ വിൽപ്പനയ്ക്കായിവെച്ചതായി റിപ്പോര്‍ട്ട്. ഷൂസുകളുടെ അടി വശത്താണ് കുരിശ് ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതെന്ന് പോളിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇർബിൽ പട്ടണത്തിലെ പ്രധാന ഷോപ്പിംഗ് മാളായ മെഗാ മാളിലടക്കം ഷൂസുകൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. തുർക്കി കമ്പനിയായ ഫ്ലോയാണ് ക്രിസ്തീയ വിരുദ്ധ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നതെന്ന്‍ അസീറിയൻ ആക്ടിവിസ്റ്റുകൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കുർദ്ദിഷ് കടകളാണ് ഷൂ വാങ്ങി വിൽപ്പന നടത്തുന്നത്. ഇതിന്റെ വില്‍പ്പനയിലൂടെ ക്രൈസ്തവ നിന്ദയാണ് കമ്പനി ചെയ്യുന്നതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് കുർദിസ്ഥാനെന്ന ധാരണ അസ്ഥാനത്താക്കി കൊണ്ടാണ് കുർദ്ദിഷ് വംശജർ ക്രൈസ്തവ വിരുദ്ധത പ്രകടമാകുന്നത്. ഇറാഖിലെ സംസ്ക്കാരത്തിൽ ഷൂ പോലുള്ള വസ്തുവിനെ വളരെ അറപ്പോടു കൂടിയാണ് അവർ കാണുന്നതന്നും, കുരിശു ഷൂവിൽ ആലേഖനം ചെയ്യുക വഴി ന്യായീകരിക്കാൻ സാധിക്കാത്തവിധമുള്ള ക്രിസ്തീയ വിരുദ്ധതയാണ് വെളിവായിരിക്കുന്നതെന്നും പോളിഷ് മാധ്യമം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾ ധരിക്കുന്ന പാദരക്ഷകളിലും കുരിശു ചിഹ്നം ആലേഖനം ചെയ്തിരിന്നു. ഇതിന് പിന്നാലെ അസീറിയൻ ക്രൈസ്തവർ ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് ആളുകളുടെ കണ്ണിൽ പൊടിയിടാനായി കുർദ്ദിസ്ഥാനിലെ പ്രാദേശിക ഭരണകൂടം ഒരു സ്ഥാപനത്തില്‍ നിന്ന്‍ ഷൂസുകൾ നീക്കം ചെയ്തെങ്കിലും മറ്റുള്ള സ്ഥാപനങ്ങൾ പ്രസ്തുത ഷൂസുകൾ വിൽപ്പന നടത്തുന്നത് തുടരുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായി കരുതപ്പെടുന്ന ഇറാഖ് ഇന്ന് ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും ഭീഷണി നേരിടുന്ന രാജ്യമായി മാറിയിരിക്കുകയാണ്.


Related Articles »