Life In Christ - 2025
അപ്രതീക്ഷിത സംഭവത്തില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 02-01-2020 - Thursday
വത്തിക്കാന്‍ സിറ്റി: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തിക്താനുഭവത്തില്‍ ദേഷ്യപ്പെട്ടതില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് പാപ്പ. തന്റെ കൈയില്‍ പിടിച്ചു വലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ടതിനാണ് പാപ്പ ഇന്നലെ ക്ഷമാപണം നടത്തിയത്. വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍പാപ്പ ക്രിസ്തുമസ് പുല്‍ക്കൂടിനു സമീപത്തേക്കു പോകുമ്പോഴായിരുന്നു സംഭവം. യുവതിയുടെ അടുത്തെത്തുന്നതിന് തൊട്ടുമുന്‍പ് പാപ്പ നടന്നു വന്ന ദിശ മാറ്റുകയായിരിന്നു. പൊടുന്നനെ മുന്‍നിരയില്‍ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യില്‍ പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയായിരിന്നു.
വിടാൻ പറഞ്ഞിട്ടും അത് കേട്ടഭാവം നടിക്കാതെ പിടിവിടാതിരുന്ന സ്ത്രീയുടെ കരം മറുകരംകൊണ്ട് തട്ടിമാറ്റി പാപ്പ ശകാരിച്ച് മുന്നോട്ടു നടക്കുകയായിരിന്നു. ഇന്നലെ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെയാണ് മാര്‍പാപ്പ ക്ഷമായാചനം നടത്തിയത്. നമുക്കു പലപ്പോഴും ക്ഷമ നശിക്കാറുണ്ട്. എനിക്കും അങ്ങനെതന്നെ. ഇന്നലത്തെ ചീത്ത മാതൃകയ്ക്കു ഞാന്‍ ക്ഷമചോദിക്കുന്നുവെന്നും എണ്‍പത്തിമൂന്നുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ തെറ്റ് ന്യായികരിക്കാതെ എളിമയോടെ ക്ഷമചോദിച്ച പാപ്പയുടെ ഏറ്റുപറച്ചില്‍ ഏറെ മാതൃകാപരമാണെന്നാണ് സോഷ്യല്‍ മീഡിയായില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.