News - 2025
യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും കത്തോലിക്ക ആംഗ്ലിക്കന്‍ മെത്രാന്മാര്‍ വിശുദ്ധ നാട്ടിലേക്ക്
സ്വന്തം ലേഖകന്‍ 04-01-2020 - Saturday
ലണ്ടന്‍: വിശുദ്ധ നാട്ടിലെയും, ഗാസയിലെയും ക്രിസ്ത്യന്‍ സമൂഹത്തിന് പിന്തുണയുമായി ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെയും, വടക്കേ അമേരിക്കയിലെയും കത്തോലിക്ക ആംഗ്ലിക്കന്‍ മെത്രാന്മാരുടെ ഇക്കൊല്ലത്തെ വാര്‍ഷിക വിശുദ്ധ നാട് സന്ദര്‍ശനം. സമാധാനവും, ചര്‍ച്ചയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള “ദി ഹോളിലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ 2020” (എച്ച്.എല്‍.സി 20) സന്ദര്‍ശനം ജനുവരി 11 മുതല്‍ 16 വരെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സംയുക്ത മെത്രാന്‍ സംഘം യാതൊരു മുടക്കവും കൂടാതെ വിശുദ്ധ നാട് സന്ദര്‍ശനം നടത്തിവരികയാണ്. ഇംഗ്ളണ്ടിലേയും വെയില്‍സിലേയും മെത്രാന്‍ സമിതിയാണ് ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.
ജനുവരി 12ന് ഗാസയിലെ ചെറിയ ക്രിസ്ത്യന്‍ സമൂഹത്തിനൊപ്പം മെത്രാന്‍മാര്‍ ദിവ്യബലി അര്‍പ്പിക്കും. മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ‘സമാധാനത്തിന്റെ ഭവനം’ (ഹൗസ് ഓഫ് പീസ്), ബെഥനിയിലെ കൊമ്പോനി സിസ്റ്റേഴ്സ്, റാമള്ളയിലെ ഇടവകകള്‍ സ്കൂളുകള്‍ തുടങ്ങിയവയുടെ സന്ദര്‍ശനത്തിനു പുറമേ, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയും, രോഗീ സന്ദര്‍ശനവും എച്ച്.എല്‍.സി20യുടെ ഭാഗമായി നടക്കും. വിശുദ്ധ നാട്ടിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിസബല്ല, ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഗിരെല്ലി തുടങ്ങിയവരുമായി മെത്രാന്‍ സംഘം കൂടിക്കാഴ്ച നടത്തും. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പലസ്തീനി, ഇസ്രായേലി അധികാരികളുമായി ചര്‍ച്ചകള്‍ നടത്തുവാനും മെത്രാന്മാര്‍ പദ്ധതിയിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇക്കൊല്ലവും ഇസ്രായേലി സര്‍ക്കാര്‍ ക്രിസ്തുമസിന് ബെത്ലഹേം സന്ദര്‍ശിക്കുന്നതിന് ഗാസയിലെ ക്രൈസ്തവര്‍ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ ക്രൈസ്തവ സമൂഹത്തെ മെത്രാന്‍ സമിതി നേരിട്ടു സന്ദര്‍ശിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കും. ഇസ്രയേലിലെയും പലസ്തീനിലെയും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ക്രിസ്ത്യന്‍ സമൂഹത്തിനു മെത്രാന്‍ സംഘത്തിന്റെ സന്ദര്‍ശനം ആശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് ഗാഗ്നോന് പുറമേ ബിഷപ്പ് ഡെക്ക്ലാന്‍ ലാങ്ങ്, ബിഷപ്പ് ഉഡോ ബെന്റ്സ്, ബിഷപ്പ് റൊഡോള്‍ഫോ സെടോലോണി, ബിഷപ്പ് അലന്‍ മക്ഗുക്കിയാന്‍, ബിഷപ്പ് നോയല്‍ ട്രീനര്‍, ബിഷപ്പ് പിയരെ ബുര്‍ച്ചര്‍, മോണ്‍. ജോസ് ഓര്‍ണേല കര്‍വാല്‍ഹോ, ബിഷപ്പ് വില്ല്യം കെന്നി, ബിഷപ്പ് നിക്കോളാസ് ഹഡ്സന്‍, ക്രിസ്റ്റഫര്‍ ചെസ്സുന്‍, വില്ല്യം നോളന്‍, ആര്‍ച്ച് ബിഷപ്പ് ജോവാന്‍ എറിക്, ആര്‍ച്ച് ബിഷപ്പ് ബ്രോഗോളിയോ, ബിഷപ്പ് മാര്‍ക്ക് സ്റ്റേങ്ങേര്‍ എന്നീ മെത്രാന്‍മാരാണ് ഇക്കൊല്ലത്തെ വിശുദ്ധ നാട് തീര്‍ത്ഥാടക സംഘത്തില്‍ ഉള്‍പ്പെടുന്നത്.