News - 2024

വെള്ളപ്പൊക്കം നേരിടുന്ന ഇന്തോനേഷ്യന്‍ മേഖലയിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 08-01-2020 - Wednesday

ജക്കാർത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനത്തെ നിശ്ചലമാക്കിയ വെള്ളപ്പൊക്കത്തിൽ അവശ്യ സഹായങ്ങളുമായി ജക്കാർത്ത അതിരൂപതയുടെ പ്രവർത്തനം. അവശ്യ സാധനങ്ങളും സാമ്പത്തിക സഹായങ്ങളുമായി ഒറ്റപ്പെട്ടുപോയ ജനങ്ങൾക്ക് പിന്തുണയുമായാണ് സഭാനേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾക്ക് സുരക്ഷിത മേഖലകളിലേക്കു മാറുന്നതിനായി ദയ ധർമ ഇൻസ്റ്റിറ്റ്യൂട്ട് ബോട്ടുകൾ സജ്ജമാക്കിയെന്നും പ്രാദേശിക സഭയുടെ സാമൂഹിക സംഘടനകൾ ആവശ്യക്കാർക്കു ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാന്‍ യത്നിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

പുതുവർഷദിനത്തിൽ ആരംഭിച്ച മഴയാണ് ജക്കാർത്തയെയും സമീപ പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തിയത്. 1866നു ശേഷം തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ദുരന്തമാണ് ജക്കാർത്ത നേരിടുന്നതെന്നു ഗവണ്മെന്റ് ഏജൻസികൾ വ്യക്തമാക്കി. ജക്കാർത്തയുടെ പതിമൂന്നിൽ എട്ടു നദികളും കരകവിഞ്ഞൊഴുകി നഗരത്തിൽ ജലനിരപ്പുയരുകയായിരുന്നു. ചെളിയിൽ പുതഞ്ഞ കാറുകൾ ഒന്നിന് മുകളിൽ ഒന്നായി വഴികളിൽ അടിഞ്ഞിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എയർ ഫോഴ്‌സിന്റെ പിന്തുണയോടെ മേഘങ്ങളിൽ ഉപ്പു വിതറി മഴ നിയന്ത്രണത്തിലാക്കാനും ശ്രമമുണ്ട്.

അമ്പത്തിമൂന്നുപേർ ഇതിനോടകം വെള്ളപ്പൊക്കത്തിൽ മരണമടയുകയും രണ്ടു ലക്ഷത്തോളം പേർ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. അതേസമയം സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥ വിദൂരമല്ലെന്നു 'സേവ് ദി ചിൽഡ്രൻ' എന്ന സന്നദ്ധ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെട്രോപൊളിറ്റൻ നഗരമായ ജക്കാർത്തയില്‍ മുപ്പതു ദശലക്ഷം ആളുകളാണ് അധിവസിക്കുന്നത്. മാർച്ച്‌ വരെ നീണ്ടുനിൽക്കുന്ന മഴക്കാലത്തിൽ തുടർന്നും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് പ്രാദേശിക ഗവർണർ അനിസ് ബസ്വീഡൻ മുന്നറിയിപ്പ് നൽകി.


Related Articles »