Arts - 2024

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വിശ്രമ ജീവിതം എങ്ങനെ: ശ്രദ്ധയാകര്‍ഷിച്ച് ടെലിവിഷന്‍ പ്രോഗ്രാം

സ്വന്തം ലേഖകന്‍ 09-01-2020 - Thursday

എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംഭാഷണ ശകലങ്ങൾ ഉൾക്കൊള്ളിച്ച് ജർമ്മൻ മാധ്യമപ്രവർത്തകനായ ടാസിലോ ഫോർച്ചീമർ ഒരുക്കിയ പ്രോഗ്രാം ശ്രദ്ധനേടുന്നു. ബവേറിൻ ടെലിവിഷൻ നെറ്റ്‌വർക്ക് 'BR24' സംപ്രേഷണം ചെയ്ത മുപ്പതു മിനിറ്റ് ദൈര്‍ഖ്യമുള്ള പരിപാടിയില്‍ പാപ്പയുടെ വിശ്രമ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2013ൽ സ്ഥാനത്യാഗം ചെയ്തതിനു ശേഷം പൊതു ചടങ്ങുകളിൽ പാപ്പ പ്രത്യക്ഷപ്പെടാറില്ല. ഈ സാഹചര്യത്തില്‍ ഒരുക്കിയ പ്രോഗ്രാമിന് ഏറെ സ്വീകാര്യതയാണ് വിശ്വാസി സമൂഹത്തില്‍ നിന്ന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെനഡിക്റ്റ് പാപ്പ ദുർബലമായ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്നും, വളരെയധികം ബുദ്ധിമുട്ടിയാണ് നടക്കുന്നതെന്നും ടാസിലോ ഫോർച്ചീമർ പ്രോഗ്രാമിനിടയിൽ വിവരിക്കുന്നുണ്ട്.

പണ്ട് തനിക്ക് നല്ല ശബ്ദം ഉണ്ടായിരുന്നുവെന്നും, അത് നഷ്ടപ്പെട്ട് പോയെന്ന് പാപ്പ പറഞ്ഞതായും ടാസിലോ ഫോർച്ചീമർ പറയുന്നു. ബെനഡിക്ട് പാപ്പയ്ക്ക് ഏതാനും നാളുകൾക്കു മുന്‍പ് വരെ ഉണ്ടായിരുന്ന ശാരീരികമായ കരുത്തിൽ കുറവ് വന്നതായി അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിനും വെളിപ്പെടുത്തി. വരുന്ന ഏപ്രിൽ മാസം തൊണ്ണൂറ്റിമൂന്നാം വയസ്സിലേക്ക് പ്രവേശിക്കുന്ന ബനഡിക്ട് മാർപാപ്പ ശാരീരിക അവശതകൾക്കിടയിലും ദൈനംദിന കാര്യങ്ങൾക്ക് വേണ്ടിയുള്ള സമയക്രമം പാലിക്കുന്നതിൽ ശ്രദ്ധാലുവാണ്. വിശുദ്ധ കുർബാനയോടു കൂടിയാണ് പാപ്പ ഓരോ ദിവസവും ആരംഭിക്കുന്നതെന്ന്‍ പരിപാടിയില്‍ പ്രതിപാദിക്കുന്നു.

പ്രോഗ്രാം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈബ്രറിക്കു സമാനമായ ഓഫീസ് മുറിയിലാണ് എല്ലാ ദിവസവും ഏറ്റവും കൂടുതൽ സമയം ബെനഡിക്ട് പാപ്പ ചെലവഴിക്കുന്നത്. തന്റെ സ്വന്തം രാജ്യമായ ജർമനിയിൽനിന്ന് കൊണ്ടുവന്ന ചിത്രങ്ങളും മറ്റും ഓഫീസ് റൂമിലെ ചുമരിൽ തൂക്കിയിരിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പ്രോഗ്രാമില്‍ കാണിക്കുന്നു. ശാരീരിക അവശതകൾക്കിടയിലും, ആത്മീയമായ അവശത പാപ്പയെ ഒട്ടുംതന്നെ ബാധിച്ചിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് യുവ കത്തോലിക്കാ മാധ്യമപ്രവർത്തകരെ വാർത്തെടുക്കുന്നതിനായി ബെനഡിക്ട് മാർപാപ്പ മുൻകൈയെടുത്ത് അടുത്തിടെ ജർമനിയിൽ ആരംഭിച്ച മീഡിയ ഫൗണ്ടേഷൻ. ടാഗ്സ്പോസ്റ്റ് ഫൗണ്ടേഷൻ ഫോർ കാത്തലിക് പബ്ലിസിറ്റി എന്നാണ് കൂട്ടായ്മയുടെ പേര്. പുതിയ സംരംഭത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായത്തിനും പാപ്പ അഭ്യർത്ഥന നടത്തിയിരുന്നു.

More Archives >>

Page 1 of 10