Life In Christ

ഫിലിപ്പീന്‍സില്‍ കറുത്ത നസ്രായന്‍റെ പ്രദിക്ഷണത്തില്‍ ഇത്തവണ പങ്കെടുത്തത് 60 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍ 10-01-2020 - Friday

മനില: “കറുത്ത നസ്രായന്‍” (ബ്ലാക്ക് നസ്രായന്‍) എന്നറിയപ്പെടുന്ന യേശുവിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂര്‍ണ്ണകായ കുരിശുരൂപവുമായി മനിലയില്‍ നടന്ന പ്രദിക്ഷണത്തില്‍ ഇത്തവണയും ദശലക്ഷങ്ങളുടെ പങ്കാളിത്തം. 3.7 മൈല്‍ നീണ്ട പ്രദിക്ഷണത്തില്‍ ഏതാണ്ട് 60 ലക്ഷത്തോളം വിശ്വാസികള്‍ കടുംതവിട്ടു കലര്‍ന്ന ചുവപ്പുനിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ച് നഗ്നപാദരായി പങ്കെടുത്തുവെന്നാണ് ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കറുത്ത നസ്രായന്റെ രൂപത്തിന്റെ കൈമാറ്റത്തെ സൂചിപ്പിക്കുന്ന 'ട്രാന്‍സ്ലാസിയന്‍' എന്നറിയപ്പെടുന്ന വര്‍ഷംതോറുമുള്ള ഈ പ്രദിക്ഷണം വിശ്വപ്രസിദ്ധമാണ്. മണിക്കൂറുകള്‍ എടുത്താണ് പ്രദിക്ഷണം പൂര്‍ത്തിയായത്.

പതിനാറാം നൂറ്റാണ്ടില്‍ അജ്ഞാതനായ മെക്സിക്കന്‍ ശില്‍പ്പിയാണ് ഒരു കാല്‍മുട്ട് മടക്കിയ നിലയില്‍ വലിയ മരകുരിശുമേന്തിനില്‍ക്കുന്ന യേശുവിന്റെ ഈ ഇരുണ്ട രൂപം നിര്‍മ്മിച്ചത്. 1606-ല്‍ അഗസ്റ്റീനിയന്‍ സന്ന്യാസിമാര്‍ ഈ രൂപം ഫിലിപ്പീന്‍സിലേക്ക് കൊണ്ടുവരികയായിരിന്നു. 1650-ല്‍ ഇന്നസെന്റ് പത്താമന്‍ പാപ്പയാണ് ഈ രൂപത്തോടുള്ള വണക്കത്തിന് അംഗീകാരം നല്‍കിയത്. ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ ഭക്തിയുടെ അടിസ്ഥാനം എന്ന് ഇന്നസന്റ് പത്താമന്‍ പാപ്പ വിശേഷിപ്പിച്ചിരിക്കുന്ന ശില്‍പ്പമാണ് കറുത്ത നസ്രായന്‍. മനിലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കിയാപ്പൊ ദേവാലയത്തിലാണ് ബ്ലാക്ക് നസ്രായന്റെ രൂപം സ്ഥാപിച്ചിരിക്കുന്നത്. ഏറെ അത്ഭുതങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നതിനെ തുടര്‍ന്നു നാനാജാതി മതസ്ഥര്‍ എത്തുന്ന കേന്ദ്രമായി ക്വിയാപ്പോ മാറുകയായിരിന്നു.

തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു

രണ്ടാം ലോകമഹായുദ്ധകാലത്ത് ദേവാലയം അഗ്നിക്കിരയായെങ്കിലും ക്രിസ്തുവിന്റെ രൂപം കേടുപാടുകളൊന്നും കൂടാതെ നിലകൊണ്ടു. നൂറ്റാണ്ടുകളെയും, പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച ഈ രൂപത്തിന്റെ അത്ഭുത ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് അനേകരാണ് ക്വിയാപ്പോ ദേവാലയം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. മനിലയിലെ കത്തോലിക്കരുടെ വിശ്വാസത്തെ ആഴപ്പെടുത്തുന്നതാണ് പ്രദിക്ഷണമെന്നു ക്വിയാപ്പോ ദേവാലയത്തിന്റെ റെക്ടറായ മോണ്‍. ജോസ് ക്ലമന്റെ ഇഗ്നാസിയോ പറഞ്ഞു. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രദിക്ഷണത്തില്‍ രൂപം ചുംബിക്കാന്‍ വന്‍ തിരക്കാണ് ഇത്തവണയും അനുഭവപ്പെട്ടത്. ഇക്കൊല്ലം പ്രദിക്ഷണത്തിന് മുന്‍പ് നടന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ 'ഭ്രാന്തമായ ആവേശം ' കാണിക്കരുതെന്ന് മനില കര്‍ദ്ദിനാള്‍ ലൂയീസ് ടാഗ്ലെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.


Related Articles »