News - 2024

'ഫെമിനിസ്റ്റ് തീവ്രവാദം': ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെമിനിസ്റ്റ് സംഘടന

സ്വന്തം ലേഖകന്‍ 11-01-2020 - Saturday

ബെര്‍ലിന്‍: ജര്‍മ്മനിയിലെ ദേവാലയങ്ങള്‍ക്കു നേരെ സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തീവ്രവാദ നിലപാട് പുലര്‍ത്തുന്ന സ്ത്രീപക്ഷവാദി (ഫെമിനിസ്റ്റ്) സംഘടന രംഗത്ത്. പ്രോലൈഫ് മാധ്യമപ്രവര്‍ത്തകന്‍ ഗുന്നാര്‍ ഷൂപെലിയൂസിന്റെ കാര്‍ അഗ്നിക്കിരയാക്കിയതും, രണ്ട് ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ‘ഫെമിനിസ്റ്റ് ഓട്ടോണമസ് ഗ്രൂപ്പ്’ എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തിന് ശേഷം ഇന്‍ഡിമീഡിയ എന്ന വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത കത്തിലൂടെയാണ് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ആക്രമണങ്ങളുടെ പേരില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 27നു ടൂബിന്‍ഗെന്‍ പട്ടണത്തിലെ ഇവാഞ്ചലിക്കല്‍ ദേവാലയം സ്പ്രേ പെയിന്റ് ഉപയോഗിച്ച് വികൃതമാക്കിയ സ്ത്രീപക്ഷവാദികള്‍ ദേവാലയത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ബസ് അഗ്നിക്കിരയാക്കുകയും ചെയ്തു. ഏതാണ്ട് നാല്‍പ്പതിനായിരം യൂറോയുടെ നാശനഷ്ടമാണ് സംഭവിച്ചത്. ഫെമിനിസ്റ്റ് വിരുദ്ധ മനോഭാവം പുലര്‍ത്തിയതാണ് ആക്രമണത്തിന്റെ കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്. സംഭവം നടന്ന്‍ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ‘ബിസെഡ്’(BZ) മാധ്യമത്തിലെ കോളമെഴുത്തുകാരനായ ഗുന്നാര്‍ ഷൂപെലിയൂസ് എന്ന പ്രോലൈഫ് പത്രപ്രവര്‍ത്തകന്റെ കാര്‍ അഗ്നിക്കിരയാക്കിയത്.

ഇതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി സംഘടന വെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് ഷൂപെലിയൂസിന്റെ കാര്‍ അഗ്നിക്കിരയാകുന്നത്. അധികം വൈകാതെ ബെര്‍ലിനിലെ ഷോണ്‍ബെര്‍ഗ് നഗരത്തിലെ സെന്റ്‌ എലിസബത്ത്‌ ദേവാലയവും ഫെമിനിസ്റ്റ് ഓട്ടോണമസ് ഗ്രൂപ്പ് വികൃതമാക്കി. സെപ്റ്റംബറില്‍ പ്രോലൈഫ് പരിപാടി സംഘടിപ്പിച്ചതില്‍ രോഷം പൂണ്ട ഫെമിനിസ്റ്റ് വാദികള്‍ ദേവാലയത്തിലേക്ക് പെയിന്റ് വലിച്ചെറിയുകയായിരിന്നു. യൂറോപ്പില്‍ ധാര്‍മ്മിക മൂല്യങ്ങളെ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട് ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ സജീവമാകുന്നുണ്ട്.

സ്വവര്‍ഗ്ഗാനുരാഗം, ലൈംഗീക തൊഴില്‍, ഗര്‍ഭഛിദ്രം തുടങ്ങിയവയെ അനുകൂലിക്കുന്നവരാണ് മിക്ക ഫെമിനിസ്റ്റ് സംഘടനകളും. യൂറോപ്പിലെയും അമേരിക്കയിലെയും ഫെമിനിസ്റ്റ് സംഘടനകള്‍ കടുത്ത ശത്രുതയോടെയാണ് കത്തോലിക്ക സഭയെ നോക്കിക്കാണുന്നത്. സ്വവര്‍ഗ്ഗാനുരാഗം, ഗര്‍ഭഛിദ്രം തുടങ്ങിയ വിഷയങ്ങളിലുള്ള സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക വനിതാദിനത്തില്‍ അര്‍ജന്റീന, സ്പെയിന്‍, ഉറുഗ്വേ രാജ്യങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ബോംബുകളും, പാറക്കല്ലുകളും, ഗാസോലിന്‍ ബോംബുകളും ഉപയോഗിച്ച് ഫെമിനിസ്റ്റുകള്‍ വ്യാപക ആക്രമണം നടത്തിയിരിന്നു.


Related Articles »