News - 2025
നൈജീരിയയില്‍ പതിമൂന്നോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം: നാലു സെമിനാരി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി
സ്വന്തം ലേഖകന്‍ 14-01-2020 - Tuesday
അബൂജ: ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായി നടക്കുന്ന നൈജീരിയായില്‍ നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. പ്ലേറ്റോ സംസ്ഥാനത്ത് തീവ്ര ഇസ്ളാമിക ചിന്താഗതിയുള്ള ഗോത്രവിഭാഗം ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ പതിമൂന്നോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ജനുവരി എട്ടിനാണ് ആക്രമണം നടന്നത്. കുല്‍ബേന്‍ എന്ന ക്രൈസ്തവ ഗ്രാമം ആക്രമിച്ച അക്രമികള്‍ ജനങ്ങള്‍ക്ക് നിരേ നിറയൊഴിക്കുകയായിരിന്നു. ഇതേ ദിവസം കടൂണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മേജർ സെമിനാരിയിൽ നിന്നും നാലു സെമിനാരി വിദ്യാർത്ഥികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന സൂചന ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ജനുവരി എട്ടിന് രാത്രി 10:30നും 11 മണിക്കുമിടയിലാണ് ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം നാലു സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോയത്.
അടുത്ത ദിവസങ്ങളിൽ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, സെമിനാരി വിദ്യാർത്ഥികളെ പറ്റി യാതൊരു വിധത്തിലുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. അക്രമികളെ പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും, അടുത്തിടെ സംഘർഷങ്ങൾ നടന്നിട്ടുള്ള പ്രദേശമായതിനാൽ മതപരമായ കാരണമായിരിക്കാം തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെ ചേതോവികാരമെന്ന് വിലയിരുത്തപ്പെടുന്നു. ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)