News - 2025
സിറിയയ്ക്കു ഇരുപത് കോടി യൂറോയുടെ സഹായവുമായി ഹംഗേറിയേൻ മെത്രാന്‍ സമിതി
സ്വന്തം ലേഖകൻ 16-01-2020 - Thursday
ബുഡാപെസ്റ്റ്: കടുത്ത ഞെരുക്കങ്ങളിലൂടെ കടന്നുപോകുന്ന സിറിയയിലെ പാവപ്പെട്ടവര്‍ക്ക് ആശുപത്രി സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനായി ഹംഗേറിയേൻ മെത്രാന്‍ സമിതിയുടെ ധനസഹായം. 2016-ല്‍ ആരംഭിച്ച ‘സിറിയന്‍ ഓപ്പണ്‍ ഹോസ്പിറ്റല്‍’ പദ്ധതിയുടെ നടത്തിപ്പിനായി ഹംഗറിയിലെ കത്തോലിക്ക മെത്രാന്‍ സമിതി ഇരുപതു കോടി യൂറോയുടെ ധനസഹായമാണ് നൽകിയിരിക്കുന്നത്. കാരിത്താസ് സിറിയയും, എ.വി.എസ്.ഐ ഫൗണ്ടേഷന്‍ ഏജന്‍സീസിന്റേയും സഹകരണത്തോടെയാണ് ഹംഗറി മെത്രാന്‍ സമിതി ധനസമാഹരണ യത്നം സംഘടിപ്പിച്ചത്. ഹംഗേറിയൻ മെത്രാൻ സമിതിക്കു സിറിയയിലെ അപ്പസ്തോലിക പ്രതിനിധി നന്ദി അറിയിച്ചു.
വെറോനിക്കയുടേയും, കെവുറീന്‍ കാരനായ ശിമയോന്റേയും, നല്ല സമരിയാക്കാരന്റേയും മാതൃക പിന്തുടര്‍ന്നുകൊണ്ട് സുമനസ്കരായ ധീരര്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ സഹായത്തിനെത്തുന്നത് ആശ്വാസകരമാണെന്ന് ഹംഗറിയിലെ മെത്രാന്‍ സമിതിക്ക് നന്ദി അറിയിച്ചുകൊണ്ട് സിറിയയിലെ അപ്പസ്തോലിക ന്യൂൺഷോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി അയച്ച കത്തില്‍ പറയുന്നു.
സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷങ്ങളായി നടന്നുവരുന്ന രക്തരൂക്ഷിതമായ യുദ്ധം കാരണം ഒരുപാടു നാശനഷ്ടങ്ങളും മരണവും സംഭവിച്ചിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ സെനാരിയുടെ കത്തില്‍ ഓർമ്മിപ്പിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളുടെ നീണ്ട നിരകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ ബോംബാക്രമണങ്ങള്‍ നിത്യ സംഭവമാണെന്നും കത്ത് സൂചിപ്പിക്കുന്നു. ഏതാണ്ട് 23 കോടി ഡോളറാണ് സിറിയന്‍ ഓപ്പണ്‍ ഹോസ്പിറ്റല്‍ പദ്ധതിക്കായി ഹംഗറി മെത്രാന്‍ സമിതി സമാഹരിച്ചത്.
നിലവില്‍ ഡമാസ്കസിലെ രണ്ടാശുപത്രികള്‍ക്കും, ആലപ്പോയിലെ ഒരു ആശുപത്രിക്കും ഈ പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കുന്നുണ്ട്. സിറിയന്‍ ഓപ്പണ്‍ ഹോസ്പിറ്റല്‍ പദ്ധതിയുടെ ഭാഗമായി ഏതാണ്ട് മുപ്പതിനായിരത്തിലധികം രോഗികള്‍ക്ക് ഇതിനോടകം തന്നെ സൗജന്യ ശുശ്രൂഷ ലഭിച്ചു കഴിഞ്ഞു. ക്രൈസ്തവ വിശ്വാസം ശക്തമായി മുറുകെ പിടിക്കുന്ന യൂറോപ്യൻ രാജ്യമാണ് ഹംഗറി. ക്രിസ്തീയ ധാർമ്മികതയിൽ കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണ് രാജ്യത്തെ ഭരണകൂടവും നടത്തുന്നത്. പശ്ചിമേഷ്യയിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായം ഹംഗേറിയൻ ഭരണകൂടം ഇതിനോടകം കൈമാറിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക