News - 2024

ലവ് ജിഹാദ് ഇല്ലെന്ന ഡിജിപിയുടെ പ്രസ്താവന തെറ്റെന്ന് വ്യക്തമാക്കി രേഖകള്‍

ദീപിക 21-01-2020 - Tuesday

കോഴിക്കോട്: കേരളത്തില്‍ ലവ് ജിഹാദ് സംബന്ധിച്ച യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പ്രസ്താവന ശരിയല്ലെന്നു രേഖകള്‍. പ്രണയം നടിച്ചു വശത്താക്കിയ ശേഷം മയക്കുമരുന്നു നല്‍കി നഗ്‌നചിത്രങ്ങളെടുക്കുകയും അതുവച്ചു മതംമാറ്റത്തിനു ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട്ടെ പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിക്കയച്ച പരാതിയും ഇതിനു ഡിജിപിയുടെ ഓഫീസ് നല്‍കിയ മറുപടിയും പുറത്തു വന്നതോടെയാണ് ഡിജിപിയുടെ വാദം ശരിയല്ലെന്നു തെളിയുന്നത്. 'കോഴിക്കോട്ടെ കേസ് ലവ് ജിഹാദിന്റെ ഭാഗമാണെന്നു സാഹചര്യങ്ങള്‍തന്നെ ബോധ്യപ്പെടുത്തുന്നു' എന്ന വിവരം പിതാവ് പരാതിയില്‍ വ്യക്തമായി ഉന്നയിച്ചിരുന്നു. അനന്തര നടപടിക്കായി പാരതി കീഴുദ്യോഗസ്ഥര്‍ക്ക് അയച്ചതായി ഡിജിപി പെണ്‍കുട്ടിയുടെ പിതാവിനു മറുപടിയും നല്‍കി.

പീഡനത്തിനിരയായ പെണ്‍കുട്ടിയും പിതാവും, മൂന്നു മാസത്തോളം മുന്‍പ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലും ലവ് ജിഹാദ് ആണെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനുപുറമേ കോഴിക്കോട് മെഡിക്കല്‍ കോളജ്, നടക്കാവ് പോലീസ് സ്‌റ്റേഷനുകളില്‍ പെണ്‍കുട്ടി നല്‍കിയ പരാതികളിലും ഇതുമായി ബന്ധപ്പെട്ട് രണ്ട് മജിസ്‌ട്രേട്ടുമാര്‍ മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളിലും വിഷയം ലവ് ജിഹാദ് ആണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്രയും രേഖകള്‍ പോലീസിന്റെയും നീതിപീഠത്തിന്റെയും മുന്നിലുണ്ടെന്നിരിക്കെയാണ് പരാതി കിട്ടിയിട്ടില്ല എന്ന് ഡി ജിപി പറയുന്നത്.

ലവ് ജിഹാദിനെതിരെ സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രമേയവും ഇതുസംബന്ധിച്ചു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനവും ഉയര്‍ത്തിക്കാട്ടി ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവും ചില സംഘടനകളും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലവ് ജിഹാദ് ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഇവരുടെ വാദം. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്, കേരളത്തില്‍ ലവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രസ്താവിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി ആയായിരുന്നു ഡിജിപിയുടെ പ്രസ്താവന.

'താങ്കളുടെ പരാതി ഏ191204 ഡോക്കറ്റ് നമ്പര്‍ പ്രകാരം തുടര്‍ നടപടിക്കായി താഴെ പറയുന്ന ഓഫീസര്‍ക്കു കൈമാറിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നടപടികള്‍ പരാതിയുടെ തത്സ്ഥിതി ഡോക്കറ്റ് നന്പര്‍ ഉപയോഗിച്ച് cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍നിന്ന് അറിയാവുന്നതാണ്' എന്നാണ് ഡിജിപിയുടെ ഓഫീസില്‍നിന്നു പരാതിക്കാരനു ലഭിച്ച സന്ദേശം. പരാതി ഉത്തരമേഖലാ ഐജിക്കു കൈമാറിയതായും അദ്ദേഹമത് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് (സിറ്റി) കൈമാറിയതായും അദ്ദേഹം വീണ്ടും കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ക്കു കൈമാറിയതായും ഡിജിപിയുടെ ഓഫീസില്‍നിന്നു ലഭിച്ച തുടര്‍സന്ദേശങ്ങളിലുണ്ട്. ഡിജിപി നേരില്‍ വായിച്ച പരാതികളാണ് ഇത്തരത്തില്‍ കീഴുദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുന്നത്.

കോഴിക്കോട്ടെ ലവ് ജിഹാദ് കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് അറസ്റ്റിലായ പ്രതി കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) കഴിഞ്ഞ തൊണ്ണൂറു ദിവസമായി റിമാന്‍ഡിലാണ്. പ്രതിക്കു ജാമ്യം ലഭിക്കാന്‍ പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ഒത്തുകളിച്ചെന്നും താന്‍ സ്വന്തമായി പോസിക്യൂട്ടറെ വച്ചതുകൊണ്ടാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതെന്നും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാത്തതടക്കം നിരവധി ഗുരുതര വീഴ്ചകള്‍ സംഭവിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിക്കു പരാതി നല്‍കിയത്.

കൗണ്‍സലിംഗിനു ശേഷം പെണ്‍കുട്ടി ഇപ്പോള്‍ പിതാവിന്റെ സംരക്ഷണത്തിലാണ്. മതം മാറിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണി മുഴക്കി മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കൂട്ടു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയ ശേഷം വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പിതാവിന്റെ പരാതിയിലുണ്ട്. ഭീതിയോടെ കഴിയുന്ന ഇവരുടെ കുടുംബത്തിന് അടിയന്തര നീതി ഉറപ്പാക്കാന്‍ തയാറാകാത്ത പോലീസാണ് ലവ് ജിഹാദ് ഇല്ലെന്ന വാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »