Life In Christ - 2025

പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗം

സ്വന്തം ലേഖകന്‍ 24-01-2020 - Friday

ലണ്ടന്‍: മതപീഡനത്തിനു ഇരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക് വേണ്ട പണം സ്വരൂപിക്കുന്നതിനായി ഇക്കൊല്ലത്തെ ലണ്ടന്‍ മാരത്തോണില്‍ താനും പങ്കെടുക്കുമെന്ന് ഗില്ലിംഗ്ഹാം, റെയിന്‍ഹാമില്‍ നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗം റെഹ്മാന്‍ ചിഷ്ടി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നു വേണ്ടിയാണ് ചിഷ്ടി ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യത്തിന്റെ പ്രത്യേക ദൂതനായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് റെഹ്മാന്‍ ചിഷ്ടി.

വ്യാജ മതനിന്ദ കുറ്റത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം പാക്കിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞതിനു ശേഷം അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ധം കാരണം മോചിപ്പിക്കപ്പെട്ടു കാനഡയില്‍ താമസിക്കുന്ന ആസിയാ ബീബിയുടെ മോചനവുമായി ബന്ധപ്പെട്ടാണ് ചിഷ്ടി എ.സി.എന്നുമായി ബന്ധപ്പെടുന്നത്. സംഘടനയ്ക്കു വേണ്ടി ചിഷ്ടി ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നു എ‌സി‌എന്‍ യു.കെ ദേശീയ ഡയറക്ടറായ നെവില്ലെ കിര്‍ക്ക്-സ്മിത്ത് പ്രതികരിച്ചു. അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പണം സ്വരൂപിക്കുക മാത്രമല്ല, ഇതുപോലൊരു പ്രധാന വിഷയം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെഡ് വെനസ്ഡേ പോലെയുള്ള പരിപാടികള്‍ വഴിയാണ് സംഘടന മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള ധനസമാഹരണം നടത്തുന്നത്. അതേസമയം ഇതാദ്യമായല്ല ചിഷ്ടി അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി രംഗത്ത് വരുന്നത്. ആസിയാ ബീബിക്ക് അഭയം നല്‍കിയില്ലെന്ന കാരണത്താല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പദവും, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പാക്കിസ്ഥാനിലെ വ്യവസായ പ്രതിനിധിയെന്ന പദവിയും കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിഷ്ടി രാജിവെച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »