News - 2025

ആറ് മാസം വരെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍: പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 29-01-2020 - Wednesday

ന്യൂഡൽഹി: ജീവന്റെ മഹത്വം മാനിക്കാതെ ഗര്‍ഭഛിദ്രമെന്ന ക്രൂരതയ്ക്ക് പുതിയ വാതായനങ്ങള്‍ തുറന്ന് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. നാല്‍പ്പത്തിയൊന്‍പത് വര്‍ഷം പഴക്കമുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ആറ് മാസം വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ വധിക്കാമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ബില്ലിന് ക്യാബിനറ്റിന്‍റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ 20 ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. ഗര്‍ഭഛിദ്ര നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിനു വൻ എതിർപ്പു നേരേണ്ടി വന്നെങ്കിലും അതിനെ പരിഗണിക്കാതെ ബില്ലിന് കേന്ദ്രം അംഗീകാരം നല്‍കുകയായിരിന്നു.

ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ചേർന്ന് നേതൃയോഗത്തിൽ കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് പോൾ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. 1971 ൽ കർശനമായ വ്യവസ്ഥകളോടെ ഇന്ത്യയിൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട നുസരിച്ച് 12 ആഴ്ചവരെയെ ഭ്രൂണഹത്യക്കു ഇന്ത്യയിൽ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അത് 20 ആഴ്ച വരെ എത്തി നിൽക്കുന്നു.എന്നാൽ ഇത് 24 ആഴ്ചവരെ ആക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിൻറെ ഇപ്പോഴത്തെ തീരുമാനം ഭ്രൂണഹത്യക്കു അനുകൂലമായ സാഹചര്യം ഒരുക്കും. ഗർഭാവസ്ഥയിലുള്ള കുഞ്ഞും ജനിച്ച കുഞ്ഞും തമ്മിൽ പ്രാണ വ്യത്യാസമില്ല. പ്രായ വ്യത്യാസമേ ഉള്ളൂ.

പെൺ ഭ്രൂണഹത്യക്കും ഗർഭചിദ്രത്തിനും വഴിയൊരുക്കി നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമ്മാണത്തിനെതിരെ കെസിബിസി പ്രോലൈഫ് സമിതി യുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കും. വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് കേരളത്തിലുടനീളം ജീവൻ സംരക്ഷണ സന്ദേശ റാലികൾ സംഘടിപ്പിക്കും. ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് സംസ്കാരത്തിന് തന്നെ കളങ്കം ഏൽപ്പിക്കുമെന്ന് യോഗം വിലയിരുത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ ഫാ വർഗീസ് വള്ളിക്കാട്ട്, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടർ ഫാ പോൾ മാടശ്ശേരി പ്രസിഡൻറ് ശ്രീ സാബു ജോസ്, അഡ്വക്കറ്റ് ജോസി സേവ്യർ, ശ്രീ ടോമി പ്ലാൻ തോട്ടം ,ജെയിംസ് ആഴ്‌ചങ്ങാടൻ, ശ്രീമതി നാൻസി പോൾ എന്നിവർ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »