India - 2025
കടുത്തുരുത്തി പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി പ്രഖ്യാപിച്ചു
05-02-2020 - Wednesday
കടുത്തുരുത്തി: കോട്ടയം അതിരൂപതയിലെ പുരാതന ദേവാലയവും തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയെ (വലിയപള്ളി) മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. മൂന്നു നോമ്പു തിരുനാളിന്റെ രണ്ടാംദിനമായ ഇന്നലെ ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍വച്ചാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്‌നാനായ സമുദായത്തിന്റെ തലപ്പള്ളിയെന്ന് അറിയപെടുന്ന കടുത്തുരുത്തി വലിയപള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി പ്രഖ്യാപിച്ചത്.
ഏവര്‍ക്കും അനുഗ്രഹമേകുന്ന ആശ്രയകേന്ദ്രമായി കടുത്തുരുത്തി വലിയ പള്ളി മാറട്ടെയെന്ന് മാര്‍ ആലഞ്ചേരി ആശംസിച്ചു. ക്‌നാനായ സമുദായത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനായി എക്കാലവും സീറോ മലബാര്‍ സഭയും മേജര്‍ ആര്‍ച്ച്ബിഷപ്പും ഒപ്പമുണ്ടാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സന്റ് ചെറുവത്തൂരാണ് വലിയ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വായന നടത്തിയത്. തുടര്‍ന്ന് കര്‍ദ്ദിനാള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.
കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍ മോണ്‍ മൈക്കിള്‍ വെട്ടിക്കാട്ട്, വലിയപള്ളി വികാരി ഫാ. എബ്രഹാം പറന്‌പേട്ട്, ഫാ. മൈക്കിള്‍ നെടുന്തുരുത്തിപുത്തന്‍പുരയില്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കര്‍ദ്ദിനാളിന്റെ പ്രഖ്യാപനം. പൗരസ്ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി. സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവി ലഭിച്ച രണ്ടാമത്തെ ദേവാലയമാണ് കടുത്തുരുത്തി വലിയപള്ളി. കര്‍ദ്ദിനാള്‍ പ്രഖ്യാപനം നടത്തിയതോടെ വലിയപള്ളി ഇടവക വികാരി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ വികാരി എന്ന പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക