India - 2025
കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്‍ സബ്ജറ്റ് കമ്മിറ്റിക്ക്
07-02-2020 - Friday
തിരുവനന്തപുരം: 2020 ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബില്‍ സബ്ജറ്റ് കമ്മിറ്റിക്കു വിട്ടു. സബ്ജറ്റ് കമ്മിറ്റി പരിഗണിച്ചശേഷം ബില്‍ അടുത്തയാഴ്ച നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കും. ബില്ലിന്റെ പേരില്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും ബില്‍ നിയമമാകുമ്പോള്‍ പൂര്‍ണത കൈവരുത്തുമെന്നും ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കെസിബിസി പ്രസിഡന്റും സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്കും തനിക്കും നല്‍കിയ കത്തില്‍ വിഷയം പരിഹരിക്കുന്നതിനെ അഭിനന്ദിക്കുന്നുണ്ട്. ആശങ്കകള്‍ പ്രകടിപ്പിച്ചത് സ്വാഭാവികമാണ്. പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതിയും ക്രമസമാധാന തകര്‍ച്ചയിലേക്കു നയിക്കുന്ന സ്ഥിതിയുമുണ്ടായി. ഇതു സാംസ്‌കാരിക കേരളത്തിന് അപമാനകരമായി. സര്‍ക്കാര്‍ സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ നൂറുകണക്കിനു മൃതദേഹങ്ങള്‍ വീഴുന്ന അവസ്ഥയുണ്ടാകുമായിരുന്നു. പിന്നീടു സുപ്രീംകോടതി പരാമര്‍ശംകൂടി വന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. നിയമത്തിന്റെ പേരില്‍ ആശങ്ക വേണ്ടിവരില്ലെന്നു മന്ത്രി പറഞ്ഞു.
ബില്ലിന്റെ പീഠികയില്‍ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള ബില്‍ എന്നു പറയുന്നതിനാല്‍ എല്ലാ െ്രെകസ്തവരേയും ബാധിക്കുമെന്നും അതിനാല്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗക്കാര്‍ക്കുവേണ്ടിയുള്ളതായി പറയണമെന്നും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗിലെ അബ്ദുള്‍ ഹമീദ് ഇതുസംബന്ധിച്ചു കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവന വായിച്ചു. ബില്ലിലെ അവ്യക്തത മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ദിനാള്‍ സര്‍ക്കാരിനു നല്‍കിയ കത്തില്‍ കത്തോലിക്കാസഭ ആശങ്കയോടെ ചൂണ്ടിക്കാട്ടിയ പത്തുകാര്യങ്ങള്‍ പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. രണ്ടു സഭകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുമ്പോള്‍ പുതിയ പ്രശ്‌നങ്ങളുണ്ടാക്കാതെ നോക്കണമെന്നും ബില്ലിനു പരിധി നിശ്ചയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബില്ലില്‍ ക്രൈസ്തവസഭയെന്നു പരാമര്‍ശിക്കുന്നതിനാല്‍ ഭൂരിപക്ഷം ക്രൈസ്തവര്‍ക്കും ആശങ്കയുണ്ടാക്കുന്നതായി കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പള്ളി സെമിത്തേരി സ്വകാര്യ ഭൂമിയാണ്. അവിടേക്ക് ആര്‍ഡിഒയും തഹസീല്‍ദാറും വരുന്നതോടെ പൊതുശ്മശാനത്തിന്റെ സ്ഥിതിയിലേക്കു മാറും. ചര്‍ച്ച് ആക്ട് കൊണ്ടുവരുന്നതിന്റെ തുടക്കമാണോ ഈ ബില്ലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കത്തോലിക്കരെ ഒഴിവാക്കി ബില്‍ കൊണ്ടുവരണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. സഭകളുടെ ആശങ്ക പരിഹരിക്കണമെന്നും ബില്ലിലെ അവ്യക്തത പരിഹരിക്കണമെന്നും സിപിഎമ്മിലെ ജയിംസ് മാത്യു ആവശ്യപ്പെട്ടു. ശീര്‍ഷകത്തില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഷയം പ്രതിപാദിച്ച് ആശയവ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ബില്‍ ബാധകമല്ലെന്ന് ബില്ലില്‍ ഉറപ്പാക്കണമെന്ന് എസ്. ശര്‍മ ആവശ്യപ്പെട്ടു. മന്ത്രി ജി. സുധാകരന്‍, മന്ത്രി ഇ.പി. ജയരാജന്‍, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, ജോര്‍ജ്.എം. തോമസ്, എം. വിന്‍സന്റ്, എം.ഷംസുദീന്‍, സണ്ണി ജോര്‍ജ്, എല്‍ദോ ഏബ്രഹാം, വീണാ ജോര്‍ജ്, കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)