News - 2024

ഗര്‍ഭഛിദ്ര നിയമത്തിനെതിരെ മനുഷ്യമനഃസാക്ഷി ഉണര്‍ന്നു പ്രതികരിക്കണം: സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍

10-02-2020 - Monday

കൊച്ചി: ഗര്‍ഭഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ മനുഷ്യമനഃസാക്ഷി ഉണര്‍ന്ന് പ്രതികരിക്കണമെന്നും ജീവന് വെല്ലുവിളിയുയര്‍ത്തി ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന ഗര്‍ഭച്ഛിദ്രം നിരോധിക്കണമെന്നും കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങള്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിലവിലുള്ള നിയമങ്ങള്‍ റദ്ദ്‌ ചെയ്തിരിക്കുമ്പോള്‍ ഇന്ത്യ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിക്ക് തുനിഞ്ഞിരിക്കുന്നതിന് നീതീകരണമില്ല. പൊതുസമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് 1971ല്‍ എം.റ്റി.പി. ആക്്ട് നിലവില്‍ വന്നപ്പോള്‍ ഗര്‍ഭഛിദ്രത്തിന് അനുവദനീയമായ കാലയളവ് 20 ആഴ്ചയായിരുന്നു. ഇപ്പോഴത് 24 ആഴ്ചയായി ഉയര്‍ത്തിയിരിക്കുന്നു.

പുരോഗമന നിലപാടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ബില്ല് കൊണ്ടുവന്നതെന്നും സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണമോയെന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും വാദിക്കുന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഗര്‍ഭഛിദ്രം അനുവദിച്ചിരുന്ന പുരോഗമനരാജ്യങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി ഗര്‍ഭഛിദ്രം നിയമംമൂലം റദ്ദ്‌ചെയ്യുന്നത് കാണാതെ പോകുന്നു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞു മാത്രം എന്ന നയം സ്വീകരിച്ച ചൈനപോലും ഗര്‍ഭഛിദ്രദുരിതങ്ങള്‍ തിരിച്ചറിഞ്ഞ് ജനസംഖ്യാനയം തിരുത്തിയിരിക്കുന്നു.

24 ആഴ്ച കാലാവധിയില്‍ ലിംഗനിര്‍ണ്ണയം എളുപ്പമായതിനാല്‍ പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കുമെന്നുള്ള വിദഗ്ദ്ധരുടെ നിഗമനങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്. ഭ്രൂണഹത്യ നരഹത്യയാണെന്നിരിക്കെ നിയമങ്ങള്‍ ശക്തമാക്കി നേരിടേണ്ടതാണ്. നരഹത്യയ്ക്ക് വലിയ ശിക്ഷ വിധിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തെപ്പോലും നിര്‍വീര്യമാക്കുന്നതാണ് ജീവനുള്ള ഗര്‍ഭസ്ഥ ശിശുവിനെ കൊലയ്ക്കു കൊടുക്കുന്നത്. ഏറ്റവും അടിസ്ഥാനമായ അവകാശം ജനിക്കാനുള്ള അവകാശമാണ്. ഈ അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന നിയമനിര്‍മ്മാണം കിരാതര്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ.

ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മരണസംസ്‌കാരത്തെ കേന്ദ്രസര്‍ക്കാര്‍ നിയമത്തിലൂടെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കുന്നത് നീതികേടാണ്. ജീവന്‍ നല്‍കാന്‍ സാധിക്കാത്ത മനുഷ്യന് മറ്റൊരുജീവന്‍ നശിപ്പിക്കാന്‍ അവകാശമില്ലെന്നുപറഞ്ഞ് മാനിഷാദ സന്ദേശം നല്‍കിയ ഋഷീവര്യന്മാരുടെ പുത്തന്‍തലമുറ ഗര്‍ഭസ്ഥജീവന് വിലകല്പിക്കാതെ നശിപ്പിക്കുവാന്‍ നിയമം നിര്‍മ്മിക്കുന്നത് മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഗര്‍ഭഛിദ്രം തന്നെ നിരോധിക്കണമെന്നും പുരോഗമനം അവകാശപ്പെടുന്ന ഇന്നത്തെ തലമുറ മനുഷ്യജീവന് വെല്ലുവിളിയുയരുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »