India - 2025
ഗര്‍ഭഛിദ്ര നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണം: പ്രതിഷേധത്തിന് പ്രോലൈഫ് സമിതി
11-02-2020 - Tuesday
കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നു കെസിബിസി പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് പോള്‍ മുല്ലശ്ശേരി ആവശ്യപ്പെട്ടു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രൊലൈഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും മേഖലാ ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. 2020-ലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യു മാര്‍ഗ്ഗരേഖകള്‍ സംസ്ഥാന പ്രസിഡന്റ് സാബു ജോസ് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ സമഗ്ര വാര്‍ഷിക റിപ്പോര്‍ട്ടും ഗര്‍ഭഛിദ്ര നിയമം ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്‌നങ്ങളും അവതരിപ്പിച്ചു.
ഗര്‍ഭഛിദ്രം നടത്തുവാനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയര്‍ത്തുവാനുള്ള തീരുമാനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിലവില്‍ ഇന്ത്യയില്‍ ഇത് 20 ആഴ്ചയായിരുന്നു. ഈ തീരുമാനം ഗര്‍ഭച്ഛിദ്രത്തിനു വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അരുതെന്നു പറയാന്‍ മുഴുവന്‍ പാര്‍ലമെന്റംഗങ്ങളും മത സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും തയ്യാറാകണം. സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ വ്യക്തമാക്കണം. മനുഷ്യജീവന്റെ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം.
വിവിധ മേഖലകളിലും രൂപതകളിലും പ്രതിഷേധസമ്മേളനം, ഉപവാസം, റാലികള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, സംഗമം തുടങ്ങിയ വിവിധ കര്‍മ്മപദ്ധതികള്‍ക്ക് യോഗം രുപം നല്കി. കൂടാതെ, 'ജീവന്റെ സുവിശേഷം' എന്ന അപ്പസ്‌തോലിക രേഖയുടെ 25-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന മേഖല, രൂപതാ തലങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. പ്രേഷിത വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രൂപതകളിലൂടെ ഒരു ലക്ഷം സമര്‍പ്പിത പ്രേഷിത പ്രൊലൈഫ് കുടുംബങ്ങള്‍ക്ക് രുപം നല്കും. ഭ്രൂണഹത്യയ്ക്കു 24 മാസംവരെയുള്ള അനുവാദം നല്കാനുള്ള നിയമനിര്‍മ്മാണ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്കു നല്കാനും തീരുമാനിച്ചു.
കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളില്‍നിന്നുള്ള ഭാരവാഹികളും രൂപതാ പ്രധിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട് മേഖലാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ടോമി പ്ലാന്തോട്ടം. ഷിബു ജോണ്‍, ജെയിംസ് ആഴ്ചങ്ങാടന്‍, ഉമ്മച്ചന്‍ ചക്കുപുര, ആന്റണി പത്രോസ്, നാന്‍സി പോള്‍, സാലു എബ്രാഹം, ജോളി ജോസഫ്, യുഗേഷ് തോമസ്, ജോയ്‌സ് മുക്കുടേന്‍, റോണ റിബേര എന്നിവര്‍ പ്രസംഗിച്ചു.
കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)