News - 2024

ആഗോള സഭയിലെ മെത്രാന്മാരുടെ അടുത്ത സിനഡ് സമ്മേളനം 2022ൽ

സ്വന്തം ലേഖകന്‍ 17-02-2020 - Monday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ സാധാരണ സിനഡ് സമ്മേളനം 2022-ന്റെ അവസാന മാസങ്ങളിൽ നടക്കുമെന്ന്‍ വത്തിക്കാന്‍. സിനഡിന്റെ പ്രമേയം എന്താണെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. സിനഡ് ജനറൽ സെക്രട്ടറിയേറ്റ് കഴിഞ്ഞ ആഴ്ച നടത്തിയ ഒരു കൂടിക്കാഴ്ചയിൽ ഫ്രാന്‍സിസ് പാപ്പയ്ക്കു മൂന്ന് വ്യത്യസ്ത പ്രമേയങ്ങൾ സമർപ്പിച്ചിരിന്നു. പാപ്പയായിരിക്കും പ്രമേയത്തെ സംബന്ധിച്ച അവസാന തീരുമാനമെടുക്കുന്നത്. സഭയെ സംബന്ധിച്ച് പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തിൽ ചർച്ച നടത്താനായി മൂന്നുവർഷത്തിലൊരിക്കലാണ് മെത്രാന്മാരുടെ സാധാരണ സിനഡ് സമ്മേളനം മാർപാപ്പ വിളിച്ചു കൂട്ടുക. 2018ൽ നടന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സിനഡ് സമ്മേളനമാണ് ഈ ശ്രേണിയിൽ ഏറ്റവും ഒടുവിലായി നടന്നത്.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നു വർഷത്തിനു പകരം നാലു വർഷത്തെ അന്തരം നല്‍കിയിരിക്കുന്നത് ആഗോള സഭയുടെ പങ്കാളിത്തം ഉറപ്പാക്കാനാണെന്ന് ഫെബ്രുവരി പതിനഞ്ചാം തീയതി സിനഡ് സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അടുത്തിടെ നടന്ന ആമസോൺ പ്രദേശത്തിന് വേണ്ടിയുള്ള സിനഡ് സമ്മേളനം 'പ്രത്യേക' സിനഡ് സമ്മേളനങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ മാർപാപ്പ മെത്രാന്മാരുടെ സിനഡ് സമ്മേളനം വിളിച്ചുകൂട്ടാറുണ്ട്. ഇങ്ങനെ നടക്കുന്ന സിനഡുകളെ 'അസാധാരണ' സിനഡ് എന്നാണ് വിളിക്കുന്നത്.

സെക്രട്ടറി ജനറൽ കർദ്ദിനാൾ ലോറൻസോ ബാൾഡിശേരിയും, പ്രോ സെക്രട്ടറി ജനറലായ ബിഷപ്പ് മാരിയോ ഗ്രച്ചുമാണ് സിനഡ് സെക്രട്ടറിയേറ്റിന്റെ നിലവിലെ തലവന്മാര്‍. കാനോൻ നിയമ പ്രകാരം മാർപാപ്പ വിളിച്ചുകൂട്ടുന്ന സിനഡ് സമ്മേളനങ്ങൾക്ക് ഉപദേശക ചുമതലയാണ് ഇവര്‍ക്കുള്ളത്. വിശ്വാസപരവും, ധാർമികപരവുമായ ചോദ്യങ്ങൾക്ക് മാർപാപ്പയോടൊപ്പം ഉത്തരം കണ്ടെത്തുകയെന്നതും ആഗോള സഭയിൽ മാർപാപ്പയും മെത്രാന്മാരുമായുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്നുള്ളതുമാണ് സിനഡിന്റെ പ്രധാന ദൗത്യം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »