News - 2025

പതിവുപ്പോലെ നോമ്പാചരണത്തിന് തുടക്കമാകുക റോമിലെ അവന്‍റൈന്‍ കുന്നില്‍

സ്വന്തം ലേഖകന്‍ 20-02-2020 - Thursday

റോമന്‍ സഭയിലെ വലിയ നോമ്പിന് ഫെബ്രുവരി 26 ബുധനാഴ്ച അവന്‍റൈന്‍ കുന്നില്‍ തുടക്കമാകും. പൗരസ്ത്യസഭകളില്‍ ഇരുപത്തിനാലാം തീയതി തിങ്കളാഴ്ച നോമ്പിന് തുടക്കമാകുമെങ്കിലും വിഭൂതി ബുധനാഴ്ചയാണ് ലാറ്റിന്‍ സഭയില്‍ വലിയ നോമ്പ് ആരംഭിക്കുക. വത്തിക്കാനില്‍ നിന്നും ഏകദേശം 7 കി.മീ. അകലെയുള്ള അവന്‍റൈന്‍ കുന്നിലേയ്ക്ക് കാറില്‍ യാത്ര ചെയ്തെത്തുന്ന പാപ്പ ബെനഡിക്ടൈന്‍ ആശ്രമ ദേവാലയത്തില്‍നിന്നും വിശുദ്ധ സബീനയുടെ ബസിലിക്കയിലേയ്ക്കുള്ള പ്രദക്ഷിണത്തില്‍ പങ്കുചേരുന്നതോടെയാണ് ഈ വര്‍ഷത്തെ തപസ്സാചരണത്തിന് ആരംഭമാകുക. പ്രദക്ഷിണത്തിന്‍റെ അന്ത്യത്തില്‍ സാന്‍ സബീനയുടെ ബസിലിക്കയില്‍വച്ചു നടത്തപ്പെടുന്ന ഭസ്മാശീര്‍വ്വാദം, ഭസ്മം പൂശല്‍ എന്നീ കര്‍മ്മങ്ങള്‍ പാപ്പ നിര്‍വ്വഹിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും.

ദിവ്യബലി മധ്യേ പാപ്പ സന്ദേശം നല്‍കും. വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് വിഭൂതി ബുധനാഴ്ചയിലെ ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക, അവിടെ ദിവ്യബലിയില്‍ പങ്കുചേരുക എന്നത് നോമ്പ് അനുഷ്ഠാനത്തിന്‍റെ ഭാഗമായി പുരാതന റോമാനഗരത്തില്‍ നിലവിലിരുന്ന പാരമ്പര്യമാണ്. റോമിലെ ഏറ്റവും പുരാതനമായ ബെനഡിക്ടൈന്‍ സന്ന്യാസ സമൂഹത്തിന്‍റെ കേന്ദ്രം കൂടിയാണ് അവന്‍റൈന്‍ കുന്നിലെ ആശ്രമവും, സാന്‍ സബീനയുടെ ബസിലിക്കയും. ഈ പുരാതന പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ചാണ് ഇന്നും നോമ്പിന് പ്രാരംഭമായി വിഭൂതിത്തിരുനാള്‍ ആചരിക്കാനായി പത്രോസിന്‍റെ പിന്‍ഗാമി അനുവര്‍ഷം അവന്‍റൈന്‍ കുന്നിലെത്തുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »