News - 2024

പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം: വിഭൂതി തിരുനാളില്‍ കറുത്ത വസ്ത്രമണിയാന്‍ നൈജീരിയന്‍ ജനത

സ്വന്തം ലേഖകന്‍ 25-02-2020 - Tuesday

അബൂജ: തട്ടിക്കൊണ്ടുപോകലിനും, മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി നാളെ വിഭൂതി ബുധനില്‍ നൈജീരിയന്‍ വിശ്വാസികള്‍ കറുത്ത വസ്ത്രമണിയും. രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്കെതിരെയും കൊല്ലപ്പെട്ട സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടിയും നോമ്പു തുടങ്ങുന്നതിനു മുന്നോടിയായി നടത്തുന്ന പ്രാര്‍ത്ഥനാ പ്രദിക്ഷണ ദിനത്തില്‍ പങ്കുചേരുവാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് പുറത്തുവിട്ട വിഭൂതി തിരുനാള്‍ സന്ദേശത്തിലൂടെ നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സമിതിയാണ് ആഹ്വാനം നടത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സഭ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുവാന്‍ മെത്രാന്‍ സമിതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കാത്തലിക് സെക്രട്ടറിയേറ്റ് ഓഫ് നൈജീരിയയുടെ സെക്രട്ടറി ജനറലായ ഫാ. സക്കറിയ ന്യാന്റിസോ സാംജുമി മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് ഒന്നിന് നഗരങ്ങളിലെ ഇടവകകളില്‍ സായാഹ്ന കുര്‍ബാനകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും, അതിനുപകരം പ്രാര്‍ത്ഥനയിലൂടെ സമാധാനപരമായി നടത്തുന്ന പ്രതിഷേധമാണ് ഉണ്ടായിരിക്കുകയെന്നും ഇടവ വികാരിമാര്‍ക്കായി മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

'നമ്മള്‍ ദുഃഖിതരാണ്, നമ്മള്‍ സങ്കടത്തിലും കണ്ണീരിലുമാണ്. പക്ഷേ നമ്മുടെ ഹൃദയത്തില്‍ പ്രകാശിക്കുന്ന ക്രിസ്തുവിന്റെ വെളിച്ചം നൈജീരിയന്‍ സമൂഹത്തിന്റെ ഇരുണ്ട മൂലകളില്‍ പോലും പ്രകാശിക്കുമെന്ന കാര്യത്തില്‍ നമുക്ക് ആത്മവിശ്വാസമുണ്ട്. റോഡിലായാലും ഭവനത്തിലായാലും ഭയത്തോട് കൂടി ജീവിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നൈജീരിയയിലുള്ളതെന്നും, ബൊക്കോ ഹറാം പോലെയുള്ള തീവ്രവാദികള്‍ ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുന്നതും, തട്ടിക്കൊണ്ടുപോകുന്നതും മോചനദ്രവ്യം ആവശ്യപ്പെടുന്നതും രാജ്യത്തെ പൗരന്‍മാരെ ഞെട്ടിച്ചിരിക്കുകയാണെന്നും മെത്രാന്‍ സമിതിയുടെ സന്ദേശത്തില്‍ പറയുന്നു.


Related Articles »