Life In Christ - 2025
ടെലിവിഷനും സെല്‍ഫോണും ഒഴിവാക്കാം, സുവിശേഷവുമായി ബന്ധം സ്ഥാപിക്കാം: വിഭൂതിയില്‍ പാപ്പയുടെ സന്ദേശം
സ്വന്തം ലേഖകന്‍ 27-02-2020 - Thursday
വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ടെലിവിഷന്‍ അണയ്ക്കാനും സെല്‍ഫോണുമായുള്ള ബന്ധം വിച്ഛേദിച്ച് സുവിശേഷവുമായി ബന്ധം സ്ഥാപിക്കാനുള്ള സമയമാണെന്നും ഓര്‍മ്മിപ്പിച്ച് പാപ്പയുടെ വിഭൂതി സന്ദേശം. ഇന്നലെ (27/02/2020) വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ എത്തിയപ്പോഴാണ് പാപ്പ ഈ ഓര്‍മ്മപ്പെടുത്തല്‍ നടത്തിയത്. ആരാധനാവത്സരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഹൃദയത്തിലേക്കുള്ള നാല്പതു ദിന നോമ്പുകാല യാത്ര ഇന്നു ആരംഭിക്കുകയാണെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. തന്റെ സന്ദേശത്തില്‍ നോമ്പുകാലത്ത് വര്‍ജ്ജിക്കേണ്ട വിവിധ കാര്യങ്ങളെ കുറിച്ചും പാപ്പ പരാമര്‍ശം നടത്തി.
നോമ്പുകാലം ദൈവവചനത്തിന് ഇടം നല്കാനുള്ള സവിശേഷ സമയമാണ്. ടെലിവിഷന്‍ അണയ്ക്കാനും ബൈബിള്‍ തുറക്കാനുമുള്ള സമയം, സെല്‍ഫോണുമായുള്ള ബന്ധം വിച്ഛേദിച്ച് സുവിശേഷവുമായി ബന്ധം സ്ഥാപിക്കാനുള്ള സമയം. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ടെലവിഷന്‍ ഉണ്ടായിരുന്നില്ല. അന്നൊക്കെ നോമ്പുകാലത്ത് റേഡിയോ ശ്രവിക്കാതിരിക്കുന്ന പതിവുണ്ടായിരുന്നു. നോമ്പുകാലം മരുഭൂമിയാണ്. പാഴ് വാക്കുകളും വ്യര്‍ത്ഥ സംഭാഷണങ്ങളും കിംവദന്തികളും പരദൂഷണങ്ങളും എല്ലാം വെടിയുന്നതിനും കര്‍ത്താവിനോടു അടുത്ത് ഇടപഴകുന്നതിനുമുള്ള സമയമാണ് നോമ്പുകാലം. ഹൃദയശുദ്ധീകരണത്തിനുള്ള സമയം, ഹൃദയത്തിന്‍റെ ആവാസവ്യവസ്ഥ ആരോഗ്യകരമാക്കിത്തീര്‍ക്കുന്നതിനുള്ള സമയം, കര്‍ത്താവിനോട് ഉറ്റബന്ധത്തില്‍, സംസാരിക്കാനുള്ള സമയം ആണ് നോമ്പുകാലം. ഹാനികരവും ഉപദ്രവകരവുമായ അനേകം വാക്കുകളാല്‍ മലിനമായ ഒരു ചുറ്റുപാടിലാണ് നാമിന്ന്‍ ജീവിക്കുന്നതെന്നും ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരാന്‍ പ്രാര്‍ത്ഥനകള്‍ അനിവാര്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മരണത്തില്‍ നിന്ന് ജീവനിലേക്കു നയിക്കുന്ന ഒരു പാത വിജനദേശത്ത് തുറക്കുന്നുവെന്നും ആ പാതയിലൂടെ നമ്മുക്ക് നോമ്പിലേക്ക് പ്രവേശിക്കാമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക