Life In Christ - 2025
ബുര്‍ക്കിനാ ഫാസോയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 24 പേരെ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 18-02-2020 - Tuesday
വാഗദോഗു: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ആയുധധാരികള്‍ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ ദേവാലയം ആക്രമിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 24 പേരെ കൊലപ്പെടുത്തി. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച യാഗാ പ്രവിശ്യയിലെ പാന്‍സിയിലുള്ള ദേവാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വിശ്വാസികളെ ആക്രമിച്ച ശേഷം ദേവാലയം അഗ്നിക്കിരയാക്കി. പ്രാര്‍ത്ഥന ശുശ്രൂഷ നടക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചു നിര്‍ത്തിയശേഷം പുരുഷന്മാരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ബുന്‍ഡോര്‍ മേയര്‍ സിഹാന്റി ബ്രിഗാഡി പറഞ്ഞു. മൂന്നു പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി.
സമീപത്തെ കടകളില്‍നിന്ന് അരിയും എണ്ണയും കൊള്ളയടിച്ചുകൊണ്ടാണ് അക്രമികള്‍ സ്ഥലംവിട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മുന്‍ ഫ്രഞ്ച് കോളനിയായ ബുര്‍ക്കിനാഫാസോ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ്. അടുത്തകാലത്തായി ഇസ്ളാമിക തീവ്രവാദികളുടെ പ്രവര്‍ത്തനം അതിഭീകരമായ അവസ്ഥയില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച യാഗാ പ്രവിശ്യയില്‍ റിട്ടയേര്‍ഡ് പാസ്റ്ററെ അക്രമികള്‍ കൊലപ്പെടുത്തിയതും ഒരു പാസ്റ്ററെ തട്ടിക്കൊണ്ടു പോയതും ഇതില്‍ ഒടുവിലത്തെ സംഭവമാണ്.
കഴിഞ്ഞവര്‍ഷം ബുര്‍ക്കിനാഫാസോയുടെ സമീപരാജ്യങ്ങളായ മാലി, നൈജര്‍ എന്നിവിടങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ നാലായിരം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്. 60 ശതമാനം മുസ്ലീങ്ങള്‍ ഉള്ള ബുര്‍ക്കിനാ ഫാസോയില്‍ വെറും ഇരുപതു ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക