Life In Christ - 2025
അമേരിക്കൻ സൈനികരുടെ മുൻ ചാപ്ലെയ്ൻ വിശുദ്ധ പദവിയിലേക്ക്
സ്വന്തം ലേഖകന്‍ 21-02-2020 - Friday
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കൻ സൈനികരുടെ മുൻ ചാപ്ലെയ്നും പരമോന്നത സൈനിക ബഹുമതിയായ 'മെഡൽ ഓഫ് ഹോണർ' കരസ്ഥമാക്കുകയും ചെയ്ത ഫാ. എമിൽ ജോസഫ് കാപ്പൻ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യത തെളിയുന്നു. കൊറിയൻ യുദ്ധകാലത്താണ് അദ്ദേഹം സൈന്യത്തിൽ ചാപ്ലെയ്നായി സേവനം ചെയ്തിരുന്നത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിലെ അംഗങ്ങളായ ഏതാനും ആർച്ച് ബിഷപ്പുമാരും, കർദ്ദിനാളുമാരും മാർച്ച് പത്താം തീയതി ദൈവദാസ പദവിയിലുള്ള എമിൽ ജോസഫിനെ ധന്യ പദവിയിലേക്ക് ഉയർത്തണമോ എന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തും. 1993ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്.
സൈന്യത്തിൽ നിസ്വാർത്ഥ സേവനം ചെയ്തു വന്നിരുന്ന എമിൽ ജോസഫ് കാപ്പൻ ഉൻസാൻ യുദ്ധത്തിൽ പിടിയിലാകുകയും തടവുകാരനായി തീരുകയും ചെയ്തു. തടവുകാരനായി കഴിയുന്നതിനിടയിൽ അദ്ദേഹം ആളുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുകയും, സഹ തടവുകാരുടെ മൂല്യബോധം ഉയർത്തുവാനും അക്ഷീണം പ്രയത്നിച്ചിരിന്നു. 1951 മെയ് മാസത്തിൽ ന്യൂമോണിയ മൂലമാണ് ഫാ. എമിൽ ജോസഫ് ഇഹലോകവാസം വെടിഞ്ഞത്. പോഷകാഹാര കുറവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. 2013ലാണ് കാപ്പന് മരണാനന്തര ബഹുമതിയായി മെഡൽ ഓഫ് ഓണർ ലഭിക്കുന്നത്.
വൈദികന്റെ നാമകരണത്തിന് വേണ്ടി ഏറെ സമയമെടുക്കുന്നുവെന്ന തോന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും, എന്നാൽ ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രാധാന്യം കണക്കെടുക്കുമ്പോൾ എമിൽ ജോസഫ് കാപ്പാന്റെ നാമകരണത്തിനു വേണ്ടി എടുക്കുന്ന സമയം തുച്ഛമാണെന്നും കാപ്പാന്റെ നാമകരണ നടപടികളുടെ എപ്പിസ്കോപ്പൽ ഡെലിഗേറ്റ് പദവി വഹിക്കുന്ന ഫാ. ജോൺ ഹോട്ട്സെ പറഞ്ഞു. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടി നൂറു കണക്കിന് വർഷങ്ങൾ എടുക്കുന്നത് പോലും ചരിത്രപരമായി നോക്കുമ്പോൾ അസാധാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
14 വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹത്തിന്റെ മാതൃ രൂപതയായ വിച്ചിത്ത രൂപത 1066 പേജുകളുള്ള റിപ്പോർട്ടാണ് നാമകരണ നടപടികൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 2016ൽ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ ചരിത്ര കമ്മറ്റി പ്രസ്തുത ഗവേഷണ റിപ്പോർട്ട് അംഗീകരിച്ചു. 2018ൽ ദൈവശാസ്ത്ര കമ്മിറ്റിയും റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവച്ചു. ഇരു കമ്മിറ്റികളും എമിൽ ജോസഫ് കാപ്പനെ ധന്യൻ പദവിയിലേക്ക് ഉയർത്തണമോ എന്ന കാര്യം വോട്ടിനിട്ട് തീരുമാനിക്കാൻ നിശ്ചയിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക