India - 2025
മണ്ണിക്കരോട്ട് ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി
01-03-2020 - Sunday
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സീനിയര്‍ വൈദികന്‍ ഡൊമസ്റ്റിക് പ്രിലേറ്ററായ മണ്ണിക്കരോട്ട് ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ (80) നിര്യാതനായി. ഭൗതിക ശരീരം ഇന്നു വൈകിട്ട് ആറിന് ഏനാത്ത് മഞ്ചാടിമുക്കിലെ ഭവനത്തില്‍ കൊണ്ടുവരും. നാളെ ഉച്ചയ്ക്ക് ഒന്നിനു ഭവനത്തിലും തുടര്‍ന്ന് മഞ്ചാടിമുക്ക് സെന്റ് ഇഗ്‌നാത്തിയോസ് മലങ്കര കത്തോലിക്ക ദേവാലയത്തിലും മൃതദേഹ സംസ്‌കാര ശുശ്രൂഷ നടക്കും. ശുശ്രൂഷകള്‍ക്കു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.
തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ സെന്റ് അലോഷ്യസ് സെമിനാരിയിലും പൂനെ പേപ്പല്‍ സെമിനാരിയിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1967 സെപ്റ്റംബര്‍ 21ന് ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. തത്വശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സെക്രട്ടറി, സെന്റ് അലോഷ്യസ് സെമിനാരി റെക്ടര്‍, അവിഭക്ത തിരുവനന്തപുരം അതിരൂപതയിലെ കളിയിക്കാവിള, പത്തനംതിട്ട എന്നിവിടങ്ങളില്‍ വൈദികജില്ലാ വികാരി ആയി സേവനം അനുഷ്ഠിച്ചു. ദീര്‍ഘകാലം അമേരിക്കയില്‍ മലങ്കര കത്തോലിക്കാസമൂഹത്തിനു നേതൃത്വം നല്‍കി. 1996ല്‍ കോര്‍ എപ്പിസ്‌കോപ്പ ആയി ഉയര്‍ത്തപ്പെട്ടു.
തുടര്‍ന്ന് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ വികാരി ജനറാള്‍, അമേരിക്കയിലെയും യൂറോപ്പിലെയും മലങ്കര കത്തോലിക്കാ സഭയുടെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍, തിരുവനന്തപുരം മേജര്‍ അതിരൂപത എപ്പിസ്‌കോപ്പല്‍ വികാരി, തെക്കന്‍ മേഖല മിഷന്‍ കോഓര്‍ഡിനേറ്റര്‍, കാതോലിക്കേറ്റ് സെന്റര്‍ ഡയറക്ടര്‍, തിരുവനന്തപുരം അതിരൂപത പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. 2015 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഡൊമസ്റ്റിക് പ്രിലേറ്റ് സ്ഥാനം നല്‍കി ആദരിച്ചു. മേജര്‍ അതിരൂപതയിലെ റാന്നി, പെരുന്നാട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, വടശേരിക്കര, തണ്ണിത്തോട്, കിരാത്തൂര്‍ പത്തനംതിട്ട തുടങ്ങിയ അനേകം സ്ഥലങ്ങളില്‍ വികാരിയായിരുന്നു.
![](/images/close.png)