India - 2024

ഗര്‍ഭഛിദ്ര നിയമഭേദഗതി ഉപേക്ഷിക്കണം: ബിഷപ്പുമാരുടെ സംയുക്ത സമ്മേളനം

04-03-2020 - Wednesday

പാലാ: ഗര്‍ഭഛിദ്ര നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു പാലായില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനത്തില്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും പ്രകടിപ്പിക്കുകയും ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗര്‍ഭഛിദ്ര നിയമഭേദഗതി ബില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും കുടുംബജീവിത ഭദ്രതയെ തകര്‍ക്കാനുള്ള വജ്രായുധവുമാണ്. ഗര്‍ഭച്ഛിദ്രം നടത്താനും അതിന് അനുവദനീയമായ കാലയളവ് 24 ആഴ്ചയായി നിജപ്പെടുത്താനുമുള്ള ശ്രമം അപലപനീയമാണ്.

മനുഷ്യജീവന്‍ ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. ഗര്‍ഭസ്ഥ ശിശുവിന്റെ ജനിക്കാനുള്ള സ്വാഭാവിക അവകാശത്തെ തടയാന്‍ ഒരു അമ്മയ്‌ക്കോ രാഷ്ട്രത്തിനോ ഡോക്ടര്‍ക്കോ പൊതുഅധികാരികള്‍ക്കോ സാധ്യമല്ല. അതിനുള്ള അധികാരം ആര്‍ജിക്കാനുള്ള ശ്രമം ഒരിക്കലും നീതീകരിക്കാനാവില്ല. കാരണം ഗര്‍ഭഛിദ്രം കൊലപാതകത്തെക്കാള്‍ ക്രൂരവും അധാര്‍മികവുമാണെന്നും യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യോഗം പ്രസ്താവിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

➤➤ കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »