Life In Christ - 2024

ഇറാനിലെ രഹസ്യ ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യം പുറംലോകത്തെത്തിച്ച് 'സിഗ്നല്‍'

സ്വന്തം ലേഖകന്‍ 10-03-2020 - Tuesday

ടെഹ്‌റാന്‍: ഇറാനിലെ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസ സാക്ഷ്യങ്ങളും, അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെക്കുവാന്‍ അവസരം ഒരുക്കികൊണ്ടുള്ള ക്രിസ്ത്യന്‍ സാറ്റലൈറ്റ് നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. സിഗ്നല്‍ (അടയാളം) എന്ന്‍ പേരു നല്‍കിയ ടെലിവിഷന്‍ സംവാദ പരിപാടി ഇറാനിലെ രഹസ്യ ക്രിസ്ത്യാനികളുടെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദം പുറത്തെത്തിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി ഇരുപത്തിയഞ്ചോളം രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാറ്റ്-7 (SAT-7) എന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ സാറ്റലൈറ്റ് നെറ്റ്വര്‍ക്കാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇറാനില്‍ തങ്ങളുടെ ‘സാറ്റ്-7 പാര്‍സ്’ എന്ന പാഴ്സി ചാനലിലൂടെ ന്യൂസ് ടോക്ക് ഷോ സംപ്രേഷണം ചെയ്യുന്നത്. ഓരോ ആഴ്ചയിലും 90 മിനിറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി ഇറാനിലും, മധ്യപൂര്‍വ്വേഷ്യയിലേയും നിരവധി ആളുകളാണ് സ്വന്തം ഭവനങ്ങളിലിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

ഇറാനിലെ രഹസ്യ ക്രിസ്ത്യാനികളുടെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദം പുറംലോകത്തെത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ടെലിവിഷന്‍ പരിപാടിയാണ് ‘സിഗ്നല്‍’. മതപീഡനത്തിന്റെയും അറസ്റ്റിന്‍റെയും ഭീഷണിയില്‍ രഹസ്യമായി കഴിയുന്ന ഇറാനിലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ‘സിഗ്നല്‍’ അനുഗ്രഹമാണ്. ഇറാന് പുറത്ത് താമസിക്കുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികളുമായുള്ള സ്കൈപ് കോളുകളും, മുന്‍പ് റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന അഭിമുഖങ്ങളും, ഇറാനിലെ വിശ്വാസികളുമായുള്ള തത്സമയ കോളുകളുമാണ് സിഗ്നലിന്റെ പ്രത്യേകത. സര്‍ക്കാര്‍ നിരീക്ഷണമില്ലാതെ ആശയവിനിമയം നടത്തുന്നതിന് ഇറാനില്‍ ഏറ്റവും നല്ലമാര്‍ഗ്ഗം സാറ്റലൈറ്റ് ടെലിവിഷനാണ്.

1979-ലെ വിപ്ലവത്തിനു ശേഷം ഇറാനിലെ ക്രൈസ്തവരുടെ പ്രത്യേകിച്ച് പരിവര്‍ത്തിത ക്രൈസ്തവരുടെ ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. രഹസ്യ ക്രിസ്ത്യന്‍ സഭകളുടെ വളര്‍ച്ച ഭീഷണിയായിട്ടാണ് ഇറാനിലെ ഷിയ ഭരണകൂടം കണക്കാക്കുന്നത്. ഏതാണ്ട് എട്ടുലക്ഷത്തോളം ക്രൈസ്തവര്‍ ഇറാനില്‍ ഉണ്ടെന്നാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഓപ്പണ്‍ഡോഴ്സ് സന്നദ്ധ സംഘടന പറയുന്നത്. ഓപ്പണ്‍ ഡോഴ്സിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ലോകത്ത് ഏറ്റവും കൂടുതലായി ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്‍പതാമതാണ് ഇറാന്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »