News - 2024

പാക്കിസ്ഥാനിൽ ഒരാഴ്ച നീണ്ട ഉപവാസ പ്രാർത്ഥനയ്ക്കു സമാപനം

സ്വന്തം ലേഖകന്‍ 10-03-2020 - Tuesday

ലാഹോര്‍: കൊറോണ വൈറസിനെതിരെ പാക്കിസ്ഥാനിൽ നടന്ന ഒരാഴ്ച നീണ്ട ഉപവാസത്തിനും പ്രാർത്ഥനയ്ക്കും സമാപനമായി. ലാഹോർ കത്തീഡ്രലിനു മുന്നിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയിലാണ് വിശുദ്ധ കുർബാനയോടും ജപമാല പ്രാർത്ഥനയോടുംകൂടി പ്രത്യേക പ്രാർത്ഥനാ വാരത്തിന് സമാപനം കുറിച്ചത്. സമയത്തിന്റെ ഗൗരവം തങ്ങൾ മനസ്സിലാക്കുന്നുവെന്നും മാനുഷികമായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നതോടൊപ്പം എല്ലാം നന്മകളുടെയും ഉറവിടമായ ദൈവത്തിങ്കലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കുന്നുവെന്നും ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ 'ഏജൻസിയ ഫിഡ്സ്' മാധ്യമത്തോട് പറഞ്ഞു. വത്തിക്കാനെയും പാക്കിസ്ഥാനെയും ലോകം മുഴുവനെയും ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിൽ നിന്നും, രോഗവിമുക്തിക്കുവേണ്ടി ഒരാഴ്ചയായി ദേവാലയങ്ങളിലും വീടുകളിലും വിശ്വാസികൾ പ്രാർത്ഥനയിലായിരുന്നുവെന്നും, അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതിനാൽ നമ്മുടെ പ്രത്യാശ കന്യാമറിയത്തിൽ സമർപ്പിക്കണം. ഈ നോമ്പുകാലത്ത് ഉപവാസവും പ്രാർത്ഥനയും പരിത്യാഗവും ക്രൈസ്തവരുടെ പ്രത്യേക ആയുധങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാജ ആരോപണത്തിന്റെ പേരിൽ മതനിന്ദാ കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ആസിയ ബീബിയുടെ പ്രാർത്ഥനയും കൊറോണയ്ക്കെതിരെയുള്ള പ്രാർത്ഥന വാരത്തിൽ വിശ്വാസി സമൂഹം ഉരുവിട്ടിരുന്നു. ഇതുവരെ അഞ്ചു പേര്‍ക്കാണ് പാക്കിസ്ഥാനിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മുൻകരുതലെന്ന നിലയിൽ ഫെബ്രുവരി 27 മുതൽ പല നഗരങ്ങളിലെയും സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »